പത്തനംതിട്ട : ഭരണഘടനാ ശില്പിയായ ഡോക്ടർ അംബേദ്കറിനെ അപമാനിക്കുകയും നിസ്സാരവൽക്കരിക്കുകയും ചെയ്യുന്ന പ്രസ്താവന രാജ്യസഭയിൽ നടത്താൻ അമിത് ഷായെ പ്രേരിപ്പിച്ചത് സംഘപരിവാർ പ്രതിനിധാനം ചെയ്യുന്ന ആശയങ്ങളെ മൂല്യങ്ങളെ ജീവിതകാലം മുഴുവൻ നിരന്തരം വിമർശിച്ച അംബേദ്കറോടുള്ള വെറുപ്പും അസഹിഷ്ണുതയുമാണ്. ഇന്ത്യയിൽ ഒരു ഭൂരിപക്ഷ വർഗീയ ഭരണകൂടം ഉണ്ടായാൽ അത് ഒരു ദുരന്തം ആയിരിക്കുമെന്ന് 1946-ൽ തന്നെ രേഖപ്പെടുത്തിയ ആളാണ് അംബേദ്കർ. തങ്ങൾ വിഭാവനം ചെയ്യുന്ന ഒരു ഭരണകൂടം ഇന്ത്യയിൽ നടപ്പിൽ വരുത്താൻ ഹിന്ദുത്വശക്തികൾക്ക് ഏറ്റവും പ്രതിബന്ധമായി നിൽക്കുന്നത് അംബേദ്കറുടെ നേതൃത്വത്തിൽ രൂപീകരിച്ച ഭരണഘടനയാണ്. ആ ഭരണഘടനയെ സംരക്ഷിക്കാനുള്ള ഇന്ത്യൻ ജനതയുടെ ഉദ്ഘടിതമായ അഭിവാജ്ഞയാണ് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് തനിച്ച് ഭൂരിപക്ഷം നിഷേധിച്ചത്. സമഭാവനയും അന്യമായിരിക്കുന്ന ജാതിയിൽ അധിഷ്ഠിതമായ ഇന്ത്യൻ സമൂഹത്തിന് സാമൂഹിക നീതിയുടെ ആവശ്യം ഊന്നിപറയുക മാത്രമല്ല അത് ഭരണഘടനാപരമായി അവകാശമാക്കി മാറ്റുകയും ചെയ്ത മഹത് വ്യക്തിത്വമായിരുന്നു ഡോക്ടർ അംബേദ്കർ. അതുകൊണ്ടുതന്നെ മനുസ്മൃതിയിൽ വിശ്വസിക്കുന്ന സംഘപരിവാർ രാഷ്ട്രീയ ശക്തികൾക്ക് ഒരിക്കലും അംഗീകരിക്കാൻ കഴിയാത്ത സാമൂഹിക രാഷ്ട്രീയ ധാർമിക ദർശനങ്ങളുടെ ഉടമയായിരുന്നു അംബേദ്കർ.
അമിത്ഷായുടെ പ്രസ്താവന ഒരു സന്ദർഭത്തിൽ വെറുതെ പറഞ്ഞതായി കണക്കാക്കാൻ നമുക്ക് കഴിയില്ല. ഇന്ത്യൻ ഭരണഘടനയെ അതിന്റെ അകത്തു നിന്നുതന്നെ തകർക്കാൻ ശ്രമിക്കുന്ന രാഷ്ട്രീയ ശക്തിയെയാണ് അമിത്ഷാ പ്രതിനിധാനം ചെയ്യുന്നത്. 2014 ൽ അധികാരത്തിൽ വന്നതിനുശേഷം ഇന്ത്യൻ ഭരണഘടനയുടെ പൗരത്വ സങ്കൽപ്പങ്ങളെ ന്യൂനപക്ഷ അവകാശങ്ങൾ ഉറപ്പു നൽകുന്ന വകുപ്പുകളെ നിർവീര്യമാക്കുകയും സംവരണത്തെ അട്ടിമറിക്കുകയും ചെയ്യാനുള്ള ശ്രമങ്ങളാണ് ബിജെപി നടത്തിക്കൊണ്ടിരിക്കുന്നത്. ഭരണഘടനയെ ഉള്ളിൽ നിന്നും അട്ടിമറിക്കാനുള്ള ശ്രമങ്ങൾ അംബേദ്കറുടെ ദർശനങ്ങളോടുള്ള എതിർപ്പാണ്.
കക്ഷിരാഷ്ട്രീയ തർക്കങ്ങളിലേക്ക് നിസ്സാരമായി വലിച്ചിഴക്കാവുന്ന ഒരു പേരല്ല അംബേദ്കറുടേതെന്ന് അമിത്ഷാ മനസ്സിലാക്കണം. ഒരു വിശ്വ ദാർശനികനായാണ് അംബേദ്കറെ ലോകം പരിഗണിക്കുന്നത്. ഇന്ത്യയിലെ ഒരു വലിയ ജനസഞ്ചയം ദൈവതുല്യനായി ആരാധിക്കുന്ന വ്യക്തിത്വമാണ്. ഇത്രയും മഹാനായ ഒരു മനുഷ്യനെ ആദരിക്കുന്നതിന് പകരം അപമാനിച്ച അമിത്ഷാ മന്ത്രിസ്ഥാനം രാജിവെച്ച് രാഷ്ട്രത്തോട് നിരുപാധികം മാപ്പ് പറയണം. ഈ വിഷയത്തിൽ കേരള മുഖ്യമന്ത്രി പിണറായി വിജയൻ ഇതേവരെ അമിത്ഷായെ വിമർശിക്കാൻ തയ്യാറായിട്ടില്ലെന്നത് ബിജെപിയോടും കേന്ദ്ര സർക്കാരിനോടുമുള്ള വിധേയത്വമാണ് വ്യക്തമാക്കുന്നത്. സ്വാതന്ത്ര്യസമര കാലത്ത് കോൺഗ്രസും ഗാന്ധിജിയും അംബേദ്കറും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നു എന്നുള്ളത് വസ്തുതയാണ്. പക്ഷേ ആ അഭിപ്രായ വ്യത്യാസങ്ങൾ നിലനിർത്തിക്കൊണ്ടുതന്നെ പരസ്പരം ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്യുന്ന സമീപനമാണ് ഇരുഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളത്. 1946 ൽ ബംഗാളിലെ ജസോര്‍ – ഖുൽന മണ്ഡലത്തിൽ നിന്നും കോൺസ്റ്റിറ്റ്യൂവന്റ് അസംബ്ലിയിലേക്ക് അംബേദ്കർ വിജയിച്ചത് കോൺഗ്രസ് പിന്തുണയോടെയാണ് വിഭജനത്തിനുശേഷം ആ മണ്ഡലം ഇല്ലാതായപ്പോൾ 1947ൽ ബോംബെയിൽ നിന്നും കോൺഗ്രസ് ടിക്കറ്റിലാണ് അദ്ദേഹം വിജയിച്ചത്. അതിനെതുടർന്നാണ് അദ്ദേഹത്തെ ജവഹർലാൽ നെഹ്റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യത്തെ നിയമ മന്ത്രിയും ഭരണഘടനാ സ്റ്റാൻഡിങ് കമ്മിറ്റിയുടെ ചെയർമാനും ആക്കിയത്. അദ്ദേഹം പൈലറ്റ് ചെയ്ത ഹിന്ദുകോഡ് ബില്ലിനെ എതിർത്തത് ജനസംഘത്തിന്റെ ശ്യാമപ്രസാദ് മുഖർജിയും അതിനെതിരെ പ്രക്ഷോഭം നടത്തിയത് ആർഎസ്എസും ആണ്. അതിനെ തുടർന്നാണ് അദ്ദേഹം മന്ത്രിസ്ഥാനം രാജിവെച്ചത്