മുംബൈ : ഒരു വർഷം ഒന്നരക്കോടി രൂപ വരുമാനമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്ന് അമിതാഭ് ബച്ചന്റെ അംഗരക്ഷനായ കോൺസ്റ്റബിൾ ജിതേന്ദ്ര ഷിൻഡെയെ സ്ഥലം മാറ്റി. സുരക്ഷാ സംഘത്തിൽ നിന്ന് മുംബൈയിലെ ഡി.ബി മാർഗ് പോലീസ് സ്റ്റേഷനിലേക്ക് സ്ഥലം മാറ്റിയതായി കമ്മീഷണർ ഹേമന്ദ് നഗ്രാലെ അറിയിച്ചു. അഞ്ചു വർഷത്തിൽ കൂടുതൽ ഒരു ഉദ്യോഗസ്ഥനെ ഒരു സ്ഥലത്ത് നിയോഗിക്കാറില്ലന്ന് ചൂണ്ടിക്കാട്ടിയാണ് സ്ഥലം മാറ്റമെന്ന് ഉത്തരവിൽ പറയുന്നു.
ഷിൻഡെയുടെ വരുമാന സ്രോതസ്സുകൾ പരിശോധിക്കുമെന്നും കാരണം കാണിക്കൽ നോട്ടീസ് നൽകുമെന്നും അധികൃതർ വ്യക്തമാക്കി. 2015 മുതൽ അമിതാഭ് ബച്ചന്റെ എക്സ് കാറ്റഗറി അംഗരക്ഷക സംഘത്തിലുള്ള പോലീസ് ഉദ്യോഗസ്ഥനാണ് കോൺസ്റ്റബിൾ ജിതേന്ദ്ര ഷിൻഡെ. ഷിൻഡെയെ കൂടാതെ മൂന്നു പോലീസ് ഉദ്യോഗസ്ഥരും സംഘത്തിലുണ്ട്. ജിതേന്ദ്ര ഷിൻഡെയ്ക്ക് ഒന്നരക്കോടിരൂപ വാർഷിക വരുമാനമുണ്ടെന്ന റിപ്പോർട്ടിനെ തുടർന്നാണ് സംഭവം വിവാദമായത്. എന്നാൽ താൻ ബോളിവുഡ് താരങ്ങൾക്ക് അംഗരക്ഷകരെ നൽകുന്ന സുരക്ഷാ ഏജൻസി നടത്തുന്നുണ്ടെന്നും ഇതുവഴിയുള്ള വരുമാനമാണെന്നും ഷിൻഡെ മൊഴി നൽകിയതായാണ് വിവരം.