ദില്ലി: അമൃത്പാല്‍ സിങ്ങ് രാജ്യംവിട്ട് പോകാതിരുന്നത് ഭാര്യ അറസ്റ്റിലാകുമെന്ന് ഭയന്ന്. അയാളുടെ ഭാര്യ ബ്രിട്ടീഷ് കിരണ്‍ദീപ് കൗറിനെ പഞ്ചാബ് പോലീസ് അമൃത്സര്‍ വിമാനത്താവളത്തില്‍നിന്ന് വ്യാഴാഴ്ച കസ്റ്റഡിയില്ലെടുത്തിരുന്നു. ഭാര്യയ്ക്ക് രാജ്യംവിടാന്‍ കഴിയില്ലെന്ന് ഉറപ്പായി. ഇതേ തുടര്‍ന്നാണ് ഇയാളുടെ കീഴടങ്ങല്‍. പോലീസ് പിടിയിലായ അനുയായികളെ മോചിതരാക്കാന്‍ അജ്‌നാല പോലീസ് സ്റ്റേഷന്‍ ആക്രമിച്ചതടക്കം ആറ് കേസുകള്‍ നിലവില്‍ അമൃത്പാലിന്റെ പേരിലുണ്ട്. ഫെബ്രുവരി 24നാണ് അമൃത്പാലും കൂട്ടാളികളും പോലീസ് സ്റ്റേഷന്‍ അതിക്രമിച്ചത്. ഖലിസ്ഥാന്‍ നേതാവ് നേപ്പാളിലേക്ക് കടന്നതായി വിവരം ലഭിച്ചെങ്കിലും തെളിവുകളൊന്നും ലഭിച്ചിരുന്നില്ല.
ഖാലിസ്ഥാന്‍ നേതാവായ ഭിന്ദ്രന്‍വാലയായി മാറാന്‍ ശ്രമിക്കുന്ന നേതാവാണ് അമൃത്പാല്‍ സിംഗ് എന്നാണ് പരക്കെ പറയപ്പെടുന്നത്. ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിലൂടെ കൊല്ലപ്പെട്ട ഖാലിസ്ഥാന്‍ ഭീകരനാണ് ഭിന്ദ്രന്‍വാല. 1984 ജൂണ്‍ ആറിന് ഇന്ത്യന്‍ സേനയുമായി നടത്തിയ പോരാട്ടത്തിനൊടുവിലാണ് ഭിന്ദ്രന്‍വാല കൊല്ലപ്പെടുന്നത്. ഭിന്ദ്രന്‍വാലയെ ഓര്‍മ്മിപ്പിക്കുന്ന വേഷവിധാനത്തിലാണ് അമൃത്പാല്‍ സിംഗ് പൊതുവേദികളില്‍ പ്രത്യക്ഷപ്പെടുന്നത്.