പത്തനംതിട്ട : അതിരൂക്ഷമായ ജലദൗർലഭ്യം നേരിടുന്ന നഗരത്തിൽ ശാശ്വത പരിഹാരം കാണാനുള്ള ശ്രമത്തിലാണ് നഗരസഭ. അമൃത് 2.O പദ്ധതിയുടെ ഭാഗമായി പാമ്പൂരിപ്പാറയിൽ നിർമ്മിക്കുന്ന ആധുനിക കുടിവെള്ള പ്ലാൻ്റിനായി കൂറ്റൻ പൈപ്പുകളെത്തിച്ചു. കല്ലറ കടവ് ഇൻടേക്ക് പമ്പ് ഹൗസിൽ നിന്നും കുടിവെള്ള ശുദ്ധീകരണ പ്ലാൻ്റിലേക്കും തുടർന്ന് ജലസംഭരണിയിലേക്കും വെള്ളം എത്തിക്കുന്നതിനുള്ള പൈപ്പുകളാണ് എത്തിച്ചത്. ജാർഖണ്ഡിൽ നിന്ന് എത്തിച്ച 400 എം.എം ഡി ഐ പൈപ്പുകൾ ഒരു കിലോ മീറ്ററോളം നീളത്തിലാണ് സ്ഥാപിക്കേണ്ടത്. നഗര ചരിത്രത്തിലെ ഏറ്റവും വലിയ കുടിവെള്ള പദ്ധതി 27.62 കോടി രൂപ ചെലവിൽ നാല് ഘട്ടങ്ങളിലായാണ് പൂർത്തിയാക്കുന്നത്. മൂന്നാം ഘട്ടമാണ് ശുദ്ധീകരണ പ്ലാൻ്റ് നിർമ്മാണം. 14.87 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിട്ടുള്ളത്. 10 ദശലക്ഷം ലിറ്റർ ജലം ശുദ്ധീകരിക്കാൻ ശേഷിയുള്ള പ്ലാൻ്റാണ് നിർമ്മിക്കുന്നത്. നിലവിൽ ദിവസേന 60 ലക്ഷം ലിറ്റർ വെള്ളമാണ് വാട്ടർ അതോറിറ്റിയുടെ പാമ്പൂരി പാറയിലുള്ള ശുദ്ധീകരണ പ്ലാൻ്റിൽ നിന്നും നഗരത്തിൽ വിതരണം ചെയ്യുന്നത്. ജില്ലാ ആസ്ഥാനത്തിൻ്റെ ഇന്നത്തെ ആവശ്യകതയ്ക്ക് ഇത് പര്യാപ്തമല്ല. പുതിയ പ്ലാൻ്റിൻ്റെ നിർമ്മാണം പൂർത്തീകരിക്കുന്നതോടെ ദിവസേന 130 ലക്ഷം ലിറ്റർ വെള്ളം വിതരണം ചെയ്യാനാകും. ഇതോടെ നഗരത്തിലെ കുടിവെള്ളക്ഷാമത്തിന് പൂർണ്ണ പരിഹാരമാകും. ജനുവരി 13 ന് ആരംഭിച്ച പ്ലാന്റിന്റെ നിർമ്മാണം 18 മാസം കൊണ്ട് പൂർത്തീകരിക്കുന്നതിനാണ് കരാർ.
ശുദ്ധീകരണത്തിന് ആവശ്യമായ ജലം ശേഖരിക്കുന്നതിനുള്ള കിണറിൻ്റെയും കളക്ഷൻ ചേംബറിന്റെയും നിർമ്മാണം 66 ലക്ഷം രൂപ ചിലവ് ചെയ്‌ത് 2023ൽ തന്നെ പൂർത്തിയായിരുന്നു. ജലവിതരണത്തിലെ നഷ്‌ടം ഒഴിവാക്കാൻ നഗരത്തിലെ പ്രധാന പൈപ്പ് ലൈനുകൾ കിഫ്ബി ഫണ്ട് ഉപയോഗിച്ച് വാട്ടർ അതോറിറ്റി മാറ്റി സ്ഥാപിച്ചിരുന്നു. വിവിധ വാർഡുകളിലെ കാലപ്പഴക്കം ചെന്ന പൈപ്പ് ലൈനുകൾ മാറ്റി പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന പ്രവർത്തനമാണ് പദ്ധതിയുടെ രണ്ടാംഘട്ടത്തിൽ പുരോഗമിക്കുന്നത്. 3.5 കോടി രൂപയാണ് ഇതിന് ചിലവ് ചെയ്യുന്നത്. നഗരത്തിലെ 25 വാർഡുകളിൽ പുതിയ പൈപ്പുകൾ സ്ഥാപിക്കുന്ന ജോലി പൂർത്തിയായി. നഗരത്തിലെ ഉയർന്ന പ്രദേശങ്ങളായ പൂവൻപാറ, പരുവപ്ലാക്കൽ, വഞ്ചിപൊയ്‌ക തുടങ്ങിയ സ്ഥലങ്ങളിൽ സംഭരണികൾ നിർമ്മിച്ച് കുടിവെള്ളം എത്തിക്കുന്ന പ്രവർത്തനമാണ് നാലാം ഘട്ടത്തിൽ നടപ്പാക്കുന്നത്. ഇതിന് 8.5 കോടി രൂപയുടെ അനുമതിയായി.
ശുദ്ധീകരണ പ്ലാന്റിന്റെ നിർമ്മാണം പുരോഗമിക്കുന്നതിനിടയിൽ തന്നെ ഉയർന്ന പ്രദേശങ്ങളിലെ ജലസംഭരണികളും നിർമ്മിച്ച് പദ്ധതിയുടെ സമ്പൂർണ്ണ പ്രവർത്തനം
ഉറപ്പുവരുത്താനാണ് നഗരസഭ ശ്രമിക്കുന്നത്. കുടിവെള്ള വിതരണത്തിന്റെ സമ്പൂർണ്ണ ഉത്തരവാദിത്വം ജല അതോറിറ്റിക്ക് ആണെങ്കിലും നഗരത്തിലെ പ്രതിസന്ധി പരിഹരിക്കാൻ ഭരണസമിതി തീരുമാനമെടുക്കുകയായിരുന്നു. താൽക്കാലിക പരിഹാരത്തിന് പകരം നഗരത്തിന്റെ ഭാവി ആവശ്യകത കൂടി പരിഗണിച്ചാണ് സമ്പൂർണ്ണ കുടിവെള്ള പദ്ധതിയാണ് നടപ്പിലാക്കുന്നത് എന്ന് നഗരസഭാ ചെയർമാൻ അഡ്വ. ടി സക്കീർ ഹുസൈൻ പറഞ്ഞു.