പത്തനംതിട്ട : മൈലപ്ര സര്‍വീസ് സഹകരണ ബാങ്ക് പ്രതിസന്ധിയിലായതിനു പിന്നില്‍ മുന്‍ സെക്രട്ടറി ജോഷ്വാ മാത്യുവിന്റെ നടപടികള്‍. സഹകരണ വകുപ്പിലെ ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ജോഷ്വാ മാത്യു നടത്തിയ “കണക്കിലെ കളികളാണ് ” ബാങ്കിനെ ഇന്നത്തെ അവസ്ഥയില്‍ എത്തിച്ചത്. മൈലപ്ര ബാങ്കിലെയും അമൃത ഫാക്ടറിയിലെയും ചില ജീവനക്കാരും ഇതില്‍ പങ്കാളികളായിരുന്നു. നാഥനില്ലാ കളരി പോലെയായിരുന്നു അമൃത ഫാക്ടറി. ജീവനക്കാര്‍ എന്തൊക്കെ പുറത്തേക്ക് കൊണ്ടുപോകുന്നു എന്ന് നോക്കുവാന്‍പോലും ആരും ഉണ്ടായിരുന്നില്ല.
ഫാക്ടറിയിലെ ഉല്‍പ്പന്നങ്ങള്‍ ചിലര്‍ ചാക്ക് കണക്കിന് പുറത്തേക്ക് കടത്തി വിറ്റ് കാശാക്കി. ഒരു ജീവനക്കാരനെ 6 ചാക്ക് ആട്ടയുമായി വെളുപ്പാന്‍കാലത്ത് പിടികൂടിയത് അന്ന് ബാങ്ക് സെക്രട്ടറി ആയിരുന്ന ജോഷ്വാ മാത്യുവാണ്. ഇത് ഇദ്ദേഹം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ ഇതിനെതിരെ പോലീസില്‍ പരാതിപോലും നല്‍കുവാന്‍ ഇദ്ദേഹം തയ്യാറായില്ല. അതായത് ജീവനക്കാര്‍ മോഷണം നടത്തിയിട്ടും അത് മൂടിവെക്കുവാനാണ് ബാങ്ക് സെക്രട്ടറിയും അമൃത ഫാക്ടറിയുടെ മാനേജിംഗ് ഡയറക്ടറുമായിരുന്ന ജോഷ്വാ മാത്യു ശ്രമിച്ചത്. ഫാക്ടറിയിലെ ജീവനക്കാരില്‍ ചിലര്‍ ലക്ഷങ്ങള്‍ സമ്പാദിച്ചു. ഫാക്ടറി ഓരോ വര്‍ഷവും കോടികളുടെ നഷ്ടത്തില്‍ പോയിട്ടും ഇതിന് പരിഹാരം കാണുന്നതിനോ ഭരണസമിതിക്ക് ഉപദേശം നല്‍കുന്നതിനോ ജോഷ്വാ മാത്യു തയ്യാറായില്ല. ഇക്കാര്യത്തില്‍ ഏറെ ദുരൂഹതയുണ്ട്.
എന്നിട്ടും ഫാക്ടറിക്ക് ലക്ഷങ്ങളും കോടികളും വായ്പ നല്‍കി. ഓരോ വര്‍ഷവും അമൃത ഫാക്ടറിക്ക് കൊടുത്ത വായ്പയുടെ പലിശ ബാങ്കിന്റെ കണക്കില്‍ വരവു ചെയ്യും. യഥാര്‍ഥത്തില്‍ വരവ് ഉണ്ടായിരുന്നില്ല. ഈ വരവ് ചെയ്ത തുക അമൃത ഫാക്ടറിക്ക് വീണ്ടും വായ്പ നല്‍കിയതായി ബാങ്കിലെ കണക്കില്‍ എഴുതും. മൈലപ്ര ബാങ്കിലെ കണക്കുകള്‍ പ്രകാരം കോടികള്‍ പലിശയായി ബാങ്കിന് കിട്ടി. ഓഡിറ്റിങ്ങില്‍ മൈലപ്രാ ബാങ്ക് വന്‍ ലാഭത്തിലായതിനാല്‍ ക്ലാസ് ഒന്ന് സ്പെഷ്യല്‍ ഗ്രേഡില്‍ നിലനിന്നു. അതുകൊണ്ടുതന്നെ ഉയര്‍ന്ന ശമ്പളവും ആനുകൂല്യങ്ങളും ജോഷ്വാ മാത്യു ഉള്‍പ്പെടെയുള്ള ജീവനക്കാര്‍ക്ക് ലഭിച്ചു. അമൃത ഫാക്ടറി ഓരോ വര്‍ഷവും നഷ്ടത്തില്‍ നിന്ന് നഷ്ടത്തിലേക്ക് കൂപ്പുകുത്തി. ഫാക്ടറിയിലെ നഷ്ടം ബാങ്കിലെ ജീവനക്കാരെ ഒരു തരത്തിലും ബാധിക്കില്ല. ബാങ്കിന്റെ ഗ്രേഡ് കുറഞ്ഞാല്‍ തങ്ങള്‍ക്ക് ലഭിക്കുന്ന ശമ്പളവും ആനുകൂല്യങ്ങളും വലിയ തോതില്‍ കുറയുമെന്നതിനാല്‍ “കണക്കിലെ കളികള്‍ക്ക് ” ജീവനക്കാര്‍ ഒറ്റക്കെട്ടായിരുന്നു എന്നുവേണം കരുതാന്‍.
ഈ കണക്കിലെ കളികള്‍ക്കു പിന്നില്‍ സഹകരണ വകുപ്പിലെ ചില ജീവനക്കാരുടെ പങ്കുമുണ്ട്. മാസത്തില്‍ പകുതി ദിവസത്തോളം ബാങ്കില്‍ ഉണ്ടായിരുന്ന കണ്‍കറന്റ് ഓഡിറ്റര്‍മാരുടെ വ്യക്തമായ പങ്ക് ഈ അഴിമതിക്കു പിന്നില്‍ ഉണ്ട്. ജീവനക്കാര്‍ അര്‍ഹതയില്ലാത്ത ശമ്പളവും ആനുകൂല്യങ്ങളും കയ്ക്കലാക്കിയിട്ടും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ ഇത് റിപ്പോര്‍ട്ട് ചെയ്തില്ല. സെക്രട്ടറി ആയിരുന്ന ജോഷ്വാ മാത്യുവും സഹകരണ വകുപ്പിലെ ഉദ്യോഗസ്ഥരുമായി രഹസ്യബന്ധവും ഉണ്ടായിരുന്നു. വിരമിച്ചു കഴിഞ്ഞാല്‍ എല്ലാം സുരക്ഷിതമാണെന്നും ജോഷ്വാ മാത്യു കരുതി. മുന്‍ സെക്രട്ടറിയുടെ കണക്കിലെ കളികളും നടപടികളും വ്യക്തമായി അറിയാമെന്നതിനാല്‍ ജോഷ്വാ മാത്യു വിരമിച്ചപ്പോള്‍ ബാങ്കില്‍ ഉണ്ടായിരുന്ന അസിസ്റ്റന്റ് സെക്രട്ടറി മൈലപ്രാ ബാങ്കിന്റെ സെക്രട്ടറിപദം ഏറ്റെടുക്കാതെ ഒഴിഞ്ഞു നില്‍ക്കുകയാണ്. ഇദ്ദേഹം കൈപ്പറ്റുന്നത് പ്രതിമാസം ഒരു ലക്ഷത്തി പതിനാറായിരം രൂപയാണ്. ലക്ഷങ്ങള്‍ നിക്ഷേപിച്ചവര്‍ രണ്ടായിരം രൂപയ്ക്കുവേണ്ടി ക്യൂ നില്‍ക്കുമ്പോഴാണ് ജീവനക്കാരുടെ ഈ സുഖജീവിതം.