കൊച്ചി : മണപ്പുറം ഫിനാൻസിനെ സ്വന്തമാക്കാൻ യു.എസ്. ആസ്ഥാനമായുള്ള ബെയിൻ കാപ്പിറ്റൽ എന്ന ആഗോള പ്രൈവറ്റ് ഇക്വിറ്റി സ്ഥാപനം ഒരുങ്ങുന്നു. മൂന്നു മാസത്തിലേറെയായി തുടരുന്ന ചർച്ച അവസാന ഘട്ടത്തിലെത്തി. വില സംബന്ധിച്ച് ധാരണയായാൽ അടുത്തയാഴ്ചയോടെ ഇടപാട് സംബന്ധിച്ച പ്രഖ്യാപനമുണ്ടാകും. കമ്പനിയുടെ പ്രമോട്ടറായ വി.പി. നന്ദകുമാറിനും കുടുംബത്തിനും കൂടി കമ്പനിയിൽ 35.25 ശതമാനം ഓഹരിയാണുള്ളത്. കമ്പനിയുടെ നിലവിലെ വിപണിമൂല്യം അനുസരിച്ച് ഇതിന് 6,090 കോടി രൂപയുടെ മൂല്യമുണ്ട്. 25 ശതമാനത്തിനടുത്ത് ഓഹരി വിറ്റൊഴിയുമെന്നാണ് സൂചന. ഇതോടെ ഓപ്പൺ ഓഫറിലൂടെ മറ്റു നിക്ഷേപകരിൽനിന്ന് 26 ശതമാനം ഓഹരികൾ കൂടി സ്വന്തമാക്കാൻ ബെയിൻ കാപ്പിറ്റലിന് അവസരം ലഭിക്കും. ഇടപാട് പൂർത്തിയാകുമ്പോൾ 46 ശതമാനം ഓഹരി സ്വന്തമാക്കാനാകുമെന്നാണ് കണക്കാക്കുന്നത്. ഇതിനായി 10,000 കോടി രൂപ വരെ ബെയിൻ കാപ്പിറ്റൽ ചെലവഴിച്ചേക്കും. നിലവിലുള്ള ഓഹരി വിലയെക്കാൾ 20 ശതമാനത്തിലേറെ പ്രീമിയത്തിലായിരിക്കും ഇടപാട്.
മണപ്പുറത്തിനു കീഴിലുള്ള അനുബന്ധ സ്ഥാപനമായ ആശീർവാദ് മൈക്രോഫിനാൻസിന് പുതിയ വായ്പകൾ നൽകുന്നതിന് റിസർവ് ബാങ്ക് കഴിഞ്ഞ ഒക്ടോബർ മുതൽ വിലക്ക് ഏർപ്പെടുത്തിയിരുന്നു. 2025 ജനുവരിയിൽ വിലക്ക് നീക്കി. ഇതോടെയാണ് ഇടപാട് സംബന്ധിച്ച ചർച്ചകൾക്ക് വേഗം കൂടിയത്. ഇടപാട് പൂർത്തിയായാലും വി.പി. നന്ദകുമാർ മണപ്പുറം ഫിനാൻസിന്റെ മാനേജിങ് ഡയറക്ടറും സി.ഇ.ഒ.യുമായി തുടരുമെന്നാണ് സൂചന. ഒപ്പം 10 ശതമാനത്തിനടുത്ത് ഓഹരി പങ്കാളിത്തവും നിലനിർത്തും. അതേസമയം ഓഹരി ഉടമകൾക്കും ഇടപാടുകാർക്കും പ്രയോജനകരമായ തരത്തിൽ കമ്പനി എല്ലാ കാലത്തും വളർച്ചാ അവസരങ്ങൾ വിലയിരുത്താറുണ്ടെന്ന് സ്റ്റോക്ക് എക്സ്‌ചേഞ്ചുകൾക്ക് നൽകിയ കത്തിൽ മണപ്പുറം ഫിനാൻസ് വിശദീകരിച്ചു. ഇപ്പോൾ വിവരങ്ങൾ ഒന്നും നൽകേണ്ട സാഹചര്യമില്ലെന്നും കമ്പനി വ്യക്തമാക്കി.