ചെങ്ങന്നൂർ : ചെങ്ങന്നൂർ മഹാദേവക്ഷേത്രത്തിലെ കിഴക്കേ ഗോപുരത്തിൽ ആർട്ട് ഗാലറി ഒരുക്കും. ഇതിന്റെ വിശദമായ പദ്ധതിരേഖ (ഡി.പി.ആർ.) ആറന്മുള വാസ്തുവിദ്യാ ഗുരുകുലം തയ്യാറാക്കും. ക്ഷേത്രങ്ങളിലെ പ്രദർശനവസ്തുക്കൾ, ക്ഷേത്രകലകൾ, ഉത്സവങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ഒരുക്കുകൾ, ചുവർചിത്രങ്ങൾ, ചെങ്ങന്നൂരിന്റെ പൗരാണികചരിത്രം വിവരിക്കുന്ന ചിത്രങ്ങൾ എന്നിവ ഇവിടെ പ്രദർശിപ്പിക്കും. സാംസ്‌കാരികവകുപ്പും തിരുവിതാംകൂർ ദേവസ്വം ബോർഡും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
പദ്ധതി നടപ്പാക്കുന്നതിനു മുന്നോടിയായി മന്ത്രി സജി ചെറിയാൻ, ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത്, അംഗങ്ങളായ സുന്ദരേശൻ, അജികുമാർ, ഡെപ്യൂട്ടി ദേവസ്വം കമ്മിഷണർ ശ്രീധരശർമ, അസിസ്റ്റന്റ് കമ്മിഷണർ ആർ. രേവതി എന്നിവർ ഗോപുരം സന്ദർശിച്ചു. രണ്ടുമാസത്തിനുള്ളിൽ വിശദമായ പദ്ധതിരേഖ സമർപ്പിക്കാനാണ് മന്ത്രി നിർദേശിച്ചത്. ചെങ്ങന്നൂർ ക്ഷേത്രത്തിലെത്തുന്ന തദ്ദേശിയരായ ഭക്തരെക്കൂടാതെ, ശബരിമല തീർഥാടനത്തിനെത്തുന്ന ഇതരസംസ്ഥാനക്കാരായ തീർഥാടകർക്കുൾപ്പെടെ ആർട്ട് ഗാലറി സന്ദർശിക്കാൻ അവസരമൊരുങ്ങും.