ജറൂസലേം : ഇസ്രായേല്‍ കൈയേറിയ കിഴക്കന്‍ ജറുസലേമില്‍ ബസ് സ്റ്റോപ്പിലേക്ക് കാര്‍ ഇടിച്ചുകയറ്റിയ ആക്രമണത്തില്‍ പരിക്കേറ്റ എട്ട് വയസ്സുകാരനും മരിച്ചു. ഇതോടെ സംഭവത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം മൂന്നായി. കിഴക്കന്‍ ജറുസലേമിലെ ജൂത കുടിയേറ്റ പ്രദേശമായ റാമോത്തില്‍ വെള്ളിയാഴ്ചയായിരുന്നു ആക്രമണം നടന്നത്.
ഗുരുതര പരിക്കേറ്റ എട്ട് വയസുകാരന്‍ ആഷര്‍ മെനാഹെം പേലിയാണ് മരിച്ചതെന്ന് ജറുസലേമിലെ ഷാരെ സെഡെക് ആശുപത്രി പ്രസ്താവനയില്‍ അറിയിച്ചു. അപകടത്തില്‍ പേലിയുടെ ഇളയ സഹോദരന്‍ യാക്കോവ് യിസ്രായേല്‍ പേലി (ആറ്), ആള്‍ട്ടര്‍ ഷ്ലോമോ ലെഡര്‍മാന്‍ (20) എന്നിവര്‍ സംഭവദിവസംതന്നെ കൊല്ലപ്പെട്ടിരുന്നു. പരിക്കേറ്റ മറ്റ് നാല് പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്.
വ്യാഴാഴ്ച ഹെബ്രോണ്‍ നഗരത്തിന് സമീപം ഒരു ഫലസ്തീനിയെ ഇസ്രായേല്‍ അധിനിവേശസേന വെടിവച്ചു കൊലപ്പെടുത്തിയതിന് പിന്നാലെയാണ് കാര്‍ ആക്രമണം നടന്നത്. ഇതോടെ ഈ വര്‍ഷം 40 ദിവസത്തിനിടെ ഇസ്രായേല്‍ കൊലപ്പെടുത്തിയ ഫലസ്തീനികളുടെ എണ്ണം 43 ആയി. അഭയാര്‍ഥി ക്യാമ്ബുകളില്‍ കയറിയാണ് കുട്ടികളും വൃദ്ധരുമടക്കമുള്ള ഫലസ്തീനികളെ സൈന്യം വെടിവെച്ച് കൊലപ്പെടുത്തിയത്.
വെള്ളിയാഴ്ച ഉച്ച 1.30 ഓടെയാണ് റാമോത്തില്‍ ആക്രമണമുണ്ടായത്. കിഴക്കന്‍ ജറുസലേമിലെ ഇസ്സാവിയയില്‍ താമസിക്കുന്ന 31 കാരനായ ഫലസ്തീന്‍ വംശജന്‍ അതിവേഗത്തില്‍ കാര്‍ ഓടിച്ച്, ബസ് കാത്തുനില്‍ക്കുന്നവരെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഞെട്ടിപ്പിക്കുന്ന രംഗമായിരുന്നു. ഞാനും ഭാര്യയും മക്കളും കാറില്‍ ഇരിക്കവേ അമിതവേഗത്തില്‍ ഒരു കാര്‍ ബസ് സ്റ്റോപ്പിലേക്ക് ഓടിച്ചുകയറ്റുകയും അവിടെ കാത്തുനിന്ന ആളുകളെ ഇടിച്ചുവീഴ്ത്തുകയും ചെയ്യുന്നത് കണ്ടു -സംഭവത്തിന്‍റെ ദൃക്സാക്ഷിയായ പാരാമെഡിക്കല്‍ ജീവനക്കാരന്‍ ലിഷായി ഷെമേഷ് പറഞ്ഞു. ആക്രമണത്തിന് പിന്നാലെ കാര്‍ഡ്രൈവറെ സംഭവസ്ഥലത്തുണ്ടായിരുന്നു പോലീസുകാരന്‍ വെടിവെച്ച് കൊലപ്പെടുത്തി.