ബെംഗളൂരു: മുന്‍പ് താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് സ്ഥാപനത്തെക്കുറിച്ച് ഗൂഗിളിൽ വൺ സ്റ്റാര്‍ റേറ്റിംഗ് നൽകിയ എന്‍ജിനിയറിങ് വിദ്യാര്‍ഥിയെ തല്ലിച്ചതച്ചു. ആൺകുട്ടികൾ താമസിക്കുന്ന സ്ഥാപനത്തിന്‍റെ ഉടമ ഉൾപ്പെടെ അഞ്ച് പേരാണ് 18കാരനെ ക്രൂരമായി മര്‍ദിച്ചത്. മാർച്ച് 17 ന് രാത്രി കർണാടകയിലെ മംഗളൂരുവിലെ കദ്രി പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. കലബുറഗി സ്വദേശിയായ വികാസിനാണ് മര്‍ദനമേറ്റത്. കഴിഞ്ഞ ആറ് മാസമായി ഈ പിജിയിലായിരുന്നു വികാസ് താമസിച്ചിരുന്നത്. തുടര്‍ന്ന് മറ്റൊരു സ്ഥലത്തേക്ക് താമസം മാറി.
ശുചിത്വക്കുറവ്, വൃത്തിഹീനമായ ടോയ്‌ലറ്റുകൾ, ഭക്ഷണത്തിലെ പ്രാണികളുടെ സാന്നിധ്യം എന്നിവ ചൂണ്ടിക്കാട്ടി യുവാവ് ഗൂഗിളിൽ പിജിക്ക് വൺ സ്റ്റാർ റേറ്റിംഗ് നൽകി. ഇതിനു പിന്നാലെ പിജി ഉടമ സന്തോഷ് വികാസിനെ ഭീഷണിപ്പെടുത്തുകയും കമന്‍റ് ഡിലീറ്റ് ചെയ്യാൻ ആവശ്യപ്പെടുകയും ചെയ്തു. വികാസ് വിസമ്മതിച്ചപ്പോൾ സന്തോഷും മറ്റ് നാല് പേരും ചേര്‍ന്നു ബലപ്രയോഗത്തിലൂടെ കമന്‍റ് നീക്കം ചെയ്യാൻ നിര്‍ബന്ധിക്കുകയും മര്‍ദിക്കുകയുമായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ പിജി ഉടമയ്ക്കും കൂട്ടാളികൾക്കുമെതിരെ പോലീസ് കേസെടുത്തു. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.