റാന്നി: ഭക്ഷ്യവിഷ ബാധയേറ്റ കുടുംബം സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടിയ വിവരം അറിയിച്ചിട്ടും ആരോഗ്യ പ്രവര്‍ത്തകര്‍ അവഗണിച്ചതായി ആരോപണം. വെച്ചൂച്ചിറ നിരവ് അരീപ്പറമ്പില്‍ മനു തോമസ് (44) കുടുംബവുമാണ് ഛര്‍ദിയുമായി വെള്ളിയാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെ ആശുപത്രിയില്‍ ചികിത്സ തേടിയത്. മനു തോമസ്, അദേഹത്തിന്‍റെ പിതാവ്, ഭാര്യ, കുടുംബ സുഹൃത്ത് എന്നിവര്‍ക്കാണ് ഉച്ചഭക്ഷണത്തിന് ശേഷം ഛര്‍ദി അനുഭവപ്പെട്ടത്. പ്രത്യേകമായി ഇറച്ചി ഉച്ചഭക്ഷണത്തിനൊപ്പം കഴിച്ചതോടെ അസ്വാഭാവികത അനുഭവപ്പെട്ടതായിട്ടാണ് ഇവര്‍ പറയുന്നത്. വീട്ടിലെ അഞ്ചു പേര്‍ ഇറച്ചി കഴിച്ചെങ്കിലും നാലുപേര്‍ക്ക് മാത്രമാണ് ഛര്‍ദി അനുഭവപ്പെട്ടത്. ഉച്ചകഴിഞ്ഞ് രണ്ടരയോടെയാണ് അസ്വസ്ഥത ആരംഭിക്കുന്നത്. തുടര്‍ന്ന് വെച്ചൂച്ചിറയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. ഇവിടെ നിന്ന് ഡോക്ടര്‍ നേരിട്ട് പഞ്ചായത്തിലെ ആരോഗ്യ പ്രവര്‍ത്തകരെ വിവരം അറിയിച്ചു.
പ്രതികരണം ഇല്ലാതെ വന്നതോടെ മനു തോമസും നേരിട്ടു ഇവരെ വിളിച്ചു. എന്നാല്‍ ഇവരെ സഹായിക്കുന്ന തരത്തിലായിരുന്നില്ല ഇവരുടെ പ്രതികരണം. വീണ്ടും ബുദ്ധിമുട്ട് അനുഭവപ്പെടുകയാണെങ്കില്‍ അടുത്ത ദിവസം വരാന്‍ ശ്രമിക്കാമെന്നാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പറഞ്ഞതെന്ന് ഇവര്‍ ആരോപിക്കുന്നു. എന്നാല്‍ വൈകിട്ടാണ് വിവരം അറിഞ്ഞതെന്നും പരാതി പരിശോധിക്കാമെന്ന് ഇവരെ അറിയിച്ചതായും ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അറിയിച്ചു. കൂടുതല്‍ അസ്വസ്‌ഥത തോന്നുകയാണെങ്കില്‍ വിദഗ്ധ ചികിത്സ നല്‍കാമെന്നും പറഞ്ഞിരുന്നു. പാകം ചെയ്തതിന്‍റെ ബാക്കി ഇറച്ചി വീട്ടില്‍ സൂക്ഷിച്ചിട്ടുണ്ടെന്നാണ് പരാതിക്കാരന്‍ അറിയിച്ചത്. അടുത്ത ദിവസം എത്തി രണ്ടു സാമ്പിളും പരിശോധനയ്ക്ക് അയക്കുമെന്നും അസ്വാഭാവികത ഉണ്ടെങ്കില്‍ തുടര്‍ നടപടി ഉണ്ടാകുമെന്നും അദേഹം പറഞ്ഞു.