ചെങ്ങന്നൂർ : പുലിയൂർ ചിറ്റാറ്റുവേലി പുഞ്ചയ്ക്കരികിൽ വയോജനങ്ങൾക്ക് സായാഹ്ന പാർക്കൊരുങ്ങുന്നു. പുലിയൂർ പഞ്ചായത്തിൽ വന്മഴി-പേരിശ്ശേരി റോഡരികിൽ ചിറ്റാറ്റുവേലി പാടശേഖരത്തിനോടു ചേർന്ന് അമ്പാട്ടുപാലത്തിനു സമീപം പാർക്കിനായി കൊരുപ്പുകട്ടപാകിയ തറയും സിമന്റ് ബഞ്ചുകളും തയ്യാറായി. ഇനി സൗരവിളക്ക്, ക്യാമറ എന്നിവയും സ്ഥാപിക്കും. പാർക്കിന്റെ പിൻഭാഗം പാടമായതിനാൽ സുരക്ഷാവേലിയും നിർമിക്കണം. പുലിയൂർ, പാണ്ടനാട് പഞ്ചായത്തുകളിലെ ഏതാനും പ്രായമായ ആളുകൾ വൈകുന്നേരങ്ങളിൽ നേരംകളയാൻ അമ്പാട്ടുപാലത്തിൽ സ്ഥിരമായി വന്നിരിക്കാറുണ്ടായിരുന്നു.
അവരെല്ലാവരും തന്നെ കർഷകരായതിനാൽ കൃഷിക്കാര്യങ്ങളാണ് ചർച്ച ചെയ്തിരുന്നത്. നെൽക്കൃഷിയുമായി ബന്ധപ്പെട്ട ആവശ്യത്തിന് പഞ്ചായത്തധികാരികൾ പാടത്തെത്തിയപ്പോൾ കർഷകരുമായി സംസാരിച്ചു. കർഷകരാണ് വൈകുന്നേരങ്ങളിൽ വിശ്രമിക്കാൻ പാർക്കെന്ന ആശയം മുന്നോട്ടുവെച്ചത്. തുടർന്ന്, പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി പാർക്കിന്റെ നിർമാണത്തിനു തുടക്കംകുറിക്കുകയായിരുന്നുവെന്ന് പഞ്ചായത്ത് പ്രസിഡന്റ് എം.ജി. ശ്രീകുമാർ പറഞ്ഞു. പാർക്കിന്റെ നിർമാണം ഉടൻ പൂർത്തിയാകുമെന്നാണ് അധികൃതർ പറയുന്നത്.