പത്തനംതിട്ട : ജീവനൊടുക്കിയ കണ്ണൂര്‍ എഡിഎം ഇതു വരെ മോശം റെക്കോഡില്ലാത്ത ഉദ്യോഗസ്ഥന്‍. മലയാലപ്പുഴ പത്തിശേരി കാരുവേലില്‍ നവീന്‍ ബാബുവിനെ കുറിച്ച് നാട്ടുകാര്‍ക്കെല്ലാം പറയാനുള്ളത് നന്മ നിറഞ്ഞ കാര്യങ്ങള്‍ മാത്രമാണ്. അഞ്ചു പൈസ കൈക്കൂലി വാങ്ങാത്ത ഉദ്യോഗസ്ഥനായിരുന്നു. കറ തീര്‍ന്ന സിപിഎമ്മുകാരനായിരുന്നു ഇദ്ദേഹമെന്നുമാണ് നാട്ടുകാര്‍ പറയുന്നത്. തുടക്കത്തില്‍ എന്‍ജിഓ യൂണിയന്റെ സജീവ പ്രവര്‍ത്തകനായിരുന്നു നവീന്‍ ബാബു. എഡിഎം ആയപ്പോഴും ഇടതു സര്‍വീസ് സംഘടനയില്‍ തുടര്‍ന്നു. കാസര്‍കോഡ് എഡിഎം ആയിരുന്നപ്പോഴാണ് തെരഞ്ഞെടുപ്പിന്റെ ഭാഗമായി നവീന്‍ ബാബുവിനെ കണ്ണൂരിലേക്ക് സ്ഥലം മാറ്റിയത്. തെരഞ്ഞെടുപ്പു കഴിഞ്ഞ് നേരത്തേ സ്ഥലം മാറ്റപ്പെട്ടവരെയെല്ലാം തിരികെ മാറ്റിയെങ്കിലും നവീനെ മാത്രം മാറ്റിയില്ല. പാര്‍ട്ടിയിലെ വിഭാഗീയത മൂലം മാനസിക സമ്മര്‍ദ്ദം ഏറിയതോടെ അദ്ദേഹം നാട്ടിലേക്ക് സ്ഥലം മാറ്റം ചോദിച്ചു. വളരെയധികം സമ്മര്‍ദ്ദം ചെലുത്തിയാണ് പത്തനംതിട്ട എഡിഎമ്മായി സ്ഥലം മാറ്റം വാങ്ങിയത്. കോന്നി തഹസില്‍ദാര്‍ മഞ്ജുഷയാണ് ഭാര്യ. രണ്ടു മക്കളുണ്ട്.
സംഭവത്തില്‍ പോലിസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നവീന്‍ ബാബുവിനെ കണ്ണൂര്‍ നഗരത്തിലെ പള്ളിക്കുന്നിലെ താമസസ്ഥലത്താണ് രാവിലെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. യാത്രയയപ്പ് ചടങ്ങിനിടെ അപ്രതീക്ഷിതമായി എത്തിയ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ പരസ്യമായി ആരോപണം ഉന്നയിക്കുകയായിരുന്നു. കളക്ടര്‍ പോലും ഇതു കേട്ട് അപമാനിതനായി തലകുനിച്ച് ഇരിക്കേണ്ടി വന്നു. കേരളത്തിലെ ഒരു ഉദ്യോഗസ്ഥനും അവരുടെ യാത്ര അയപ്പ് ചടങ്ങുകളില്‍ നേരിടേണ്ടി വന്നിട്ടില്ലാത്തത്ര അവഹേളനമാണ് പിപി ദിവ്യ നടത്തിയത്. ഔദ്യോഗിക പരാതികളൊന്നും എവിടേയും കളക്ടര്‍ നല്‍കിയിരുന്നില്ലെന്നാണ് സൂചന. ജനപ്രതിനിധികളെ ആരെയും വിളിക്കാത്ത യോഗത്തിലായിരുന്നു എ.ഡി.എമ്മിന് യാത്രയയപ്പ് നല്‍കിയത്. അതിലേക്ക് ക്ഷണിക്കപ്പെടാത്ത അതിഥിയായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കടന്നുചെല്ലുകയും തീര്‍ത്തും അധിക്ഷേപകരമായ കാര്യങ്ങള്‍ പറയുകയുമാണ് ചെയ്തത്. അപമാന ഭാരത്തിലുള്ള മനോവിഷമത്തിലാണ് എ.ഡി.എം. കലക്ടറില്‍ നിന്നും ഉപഹാരം സ്വീകരിച്ച ശേഷം മടങ്ങിയത്. കണ്ണൂര്‍ ടൗണ്‍ പോലിസ് ഇന്‍ക്വസ്റ്റ് നടത്തിയതിനു ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കു ശേഷം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. എ.ഡി. എമ്മിന്റെ മരണം രാഷ്ട്രീയവിവാദമായി മാറിയതോടെ കോണ്‍ഗ്രസും ബി.ജെ.പിയും സി.പി.എം നേതാവ് കൂടിയായ പി.പി ദിവ്യയ്‌ക്കെതിരെ പ്രതിഷേധവുമായി രംഗത്തു വന്നിട്ടുണ്ട്. പത്തനംതിട്ടയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനായി ചൊവ്വാഴ്ച്ച രാവിലെ നവീന്‍ബാബു ട്രെയിന്‍ കയറേണ്ടതായിരുന്നു.