മാവൂർ : ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ നൽകി വിദ്യാർഥിനിയെ വശീകരിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ യുവാവിനെ മാവൂർ പോലീസ് അറസ്റ്റു ചെയ്തു. താത്തൂർ സ്വദേശി ജംഷാദിനെയാണ് (36) പോക്സോ നിയമപ്രകാരം മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്. ഇതു സംബന്ധിച്ച് മാവൂർ പോലീസിൽ നൽകിയ പരാതിയിലാണ് മാവൂർ പ്രിൻസിപ്പൽ എസ്ഐ വി.ആർ രേഷ്മയുടെ നേതൃത്വത്തിൽ അറസ്റ്റ്.
ഓൺലൈൻ പഠനത്തിന് മൊബൈൽ ഫോൺ ഇല്ലാത്തതിെൻറ പേരിൽ പ്രയാസപ്പെടുന്നവർക്ക് ഫോൺ വാങ്ങി നൽകുകയും തുടർന്ന് കുട്ടികളുടെ വീട്ടുകാരുമായി സൗഹൃദം സ്ഥാപിക്കുകയുമാണ് ചെയ്യുന്നത്. ഇതുവഴി കുട്ടിയെ വശീകരിക്കാൻ ശ്രമിക്കുകയായിരുന്നെന്ന് മാവൂർ പോലീസ് പറഞ്ഞു. നേരേത്ത മറ്റൊരു കുട്ടിയെ പീഡിപ്പിച്ച കേസിൽ ഇയാളെ മുക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ പോക്സോ കേസുകൾ കൈകാര്യംചെയ്യുന്ന സ്പെഷൽ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. എ.എസ്.ഐ സജീഷ്, സീനിയർ സിവിൽ പോലീസ് ഓഫിസർ പ്രദീപ്, സിവിൽ പോലീസ് ഓഫിസർമാരായ ബിജു, എം.സി ലിജുലാൽ, സുമോദ് എന്നിവരും പോലീസ് സംഘത്തിലുണ്ടായിരുന്നു.