അയിരൂർ: പ്ലാങ്കമണ്ണിൽ ട്രാൻസ്ഫോമറിനോട് ചേർന്നുള്ള വൈദ്യുത പോസ്റ്റിൽ സപ്ലെ മാറ്റിക്കൊടുക്കാൻ കയറിയ അന്യസംസ്ഥാന തൊഴിലാളിക്ക് ഷോക്കേറ്റ് ഗുരുതരമായ പരിക്കേറ്റു. കരാറുകാരൻ്റെ പണിക്കാരനായ ലാല മണ്ടൽ (24) നാണ് പരിക്കേറ്റത്. ഇയാളെ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജിലും പ്രവേശിപ്പിച്ചു. ഇന്ന് രാവിലെ 10 മണിയൊടെ പ്ലാങ്കമൺ മൂലയ്ക്കൽ പീടിക റോഡിൽ ഇലക്ട്രിക്ക് പോസ്റ്റുകൾ റോഡരികിലേക്ക് മാറ്റുന്ന ജോലികൾക്കിടയിലാണ് അപകടം ഉണ്ടായത്. ജോലികൾ കരാറെടുത്ത ആളുടെ ജോലിക്കാരനായ ലാല മണ്ടൽ പോസ്റ്റിൽ കയറി വെള്ളിയറ ഭാഗത്തേക്ക് സപ്ലെ മാറ്റി കൊടുക്കുന്നതിനിടെ അപ്രതീക്ഷിതമായി ലൈനിൽ വൈദ്യുത പ്രവാഹം ഉണ്ടായതാണ് അപകടത്തിന് കാരണമായത്.
ഷോക്കേറ്റ് ലൈനിൽ ഏറെ നേരം കുടുങ്ങിക്കിടന്ന ലാല മണ്ടലിനെ ഫയർഫോഴ്സ് എത്തിയാണ് താഴെയിറക്കിയത്. സംഭവമറിഞ്ഞ് ഗ്രാമപഞ്ചായത്തംഗം സാംകുട്ടി കെ എസ് ഈ ബി സെക്ഷനിൽ അറിയിച്ചതിനെ തുടർന്ന് വൈദ്യുതി സപ്ലെ ഓഫ് ചെയ്തു. പ്രദേശത്തുണ്ടായിരുന്ന ക്രെയിൻ ഉപയോഗിച്ച് ഇയാളെ താഴെയിറക്കിയ ശേഷം ആംബുലൻസിൽ റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് പ്രഥമ ശുശ്രൂഷകൾ നൽകി. ഷോക്കേറ്റതിനെ തുടർന്നുണ്ടായ പൊള്ളൽ ഗുരുതരമായതിനാൽ ലാല മണ്ടലിനെ പിന്നീട് 108 ആംബുലൻസിൽ കോട്ടയം മെഡിക്കൽ കോളേജിലെത്തിച്ച് തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു. കെ എസ് ഇ ബി ജീവനക്കാരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ പറയുന്നു.