ചേര്‍ത്തല : അഴിമതിയും ധൂര്‍ത്തും സ്വജനപക്ഷപാതവും കൈമുതലാക്കിയ പിണറായി സര്‍ക്കാര്‍ കേരളത്തെ നൂറു വര്‍ഷം പിന്നോട്ടു നടത്തിയെന്നും ഇന്ന് ശ്രീലങ്കയുടെ അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നതെന്നും ഈ വിപത്ത് ജനങ്ങള്‍ തിരിച്ചറിയണമെന്നും ജെഎസ്‌എസ് സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എ.എന്‍ രാജന്‍ ബാബു പറഞ്ഞു. ട്രാവന്‍കൂര്‍ പാലസ് ഹോട്ടലില്‍ ചേര്‍ന്ന പാര്‍ട്ടി സംസ്ഥാന ഭാരവാഹികളുടെ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജനങ്ങള്‍ക്ക് ജീവിക്കാനാവാത്ത സ്ഥിതിയിലും പ്രതിമാസം രണ്ടര കോടിയിലധികം രൂപ ചിലവഴിച്ച് അമേരിക്കന്‍ പ്രസിഡന്റിനു പോലുമില്ലാത്ത തരത്തില്‍ സുരക്ഷയൊരുക്കിയും മുന്തിയ വാഹനങ്ങള്‍ വാങ്ങിക്കൂട്ടിയും കേരളത്തെ കൊള്ളയടിക്കുകയാണ് പിണറായി വിജയന്‍.
മുപ്പത് തവണ മാറ്റി വച്ച ലാവ്‌ലിന്‍ കേസ് സുപ്രീം കോടതി സെപ്റ്റംബര്‍ 13 ന് പരിഗണിക്കുമെന്നാണ് പറയുന്നത്. പിണറായി വിജയന്‍ കേസില്‍ പ്രതി ചേര്‍ക്കപ്പെടുന്ന സാഹചര്യമുണ്ടായാല്‍ മുഖ്യമന്ത്രി സ്ഥാനം രാജി വയ്ക്കുക അല്ലാതെ മുന്നില്‍ മറ്റ് പോംവഴികളുണ്ടാവില്ല. അങ്ങനെയെങ്കില്‍ അഴിമതിക്കേസില്‍പ്പെട്ട് രാജി വയ്‌ക്കേണ്ടി വരുന്ന കേരളത്തിലെ ആദ്യത്തെ മുഖ്യമന്ത്രിയായി പിണറായി വിജയന്‍ ചരിത്രത്തില്‍ ഇടം പിടിക്കും. കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കണമെന്ന് ഹൈക്കോടതിക്ക് പറയേണ്ടിവന്നു. മാസങ്ങള്‍ക്കുള്ളില്‍ സര്‍വ്വീസ്, ക്ഷേമ പെന്‍ഷനുകളും മുടങ്ങുന്ന അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങളിലെല്ലാം യോഗ്യതയുള്ളവരെ തഴഞ്ഞ് കൊണ്ട് പിന്‍വാതില്‍ നിയമനങ്ങളാണ്. ഭൂരിപക്ഷവും നേതാക്കന്‍മാരുടെ ബന്ധുക്കളാണ് ഒരു യോഗ്യതയുമില്ലാതെ നിയമിക്കപ്പെപ്പെടുന്നത്. ഇത്തരത്തിലുള്ള മുഴുവന്‍ നിയമനങ്ങളും വെളിച്ചത്തു വരുകയും റദ്ദാക്കക്കപ്പെടുകയും വേണം. ലാവ്‌ലിന്‍ കേസിലടക്കമുള്ള കേന്ദ്ര സഹായത്തിന് ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണ എന്ന നിലയ്ക്കാണ് നെഹ്‌റു ട്രോഫി ജലോത്സവത്തിന്റെ മുഖ്യാതിഥിയായി അമിത് ഷായെ ക്ഷണിച്ചിരിക്കുന്നത്. ഇത് കേരളം തിരിച്ചറിഞ്ഞു കഴിഞ്ഞുവെന്നും ഈ ദുര്‍ഭരണത്തിന്റെ നാളുകള്‍ എണ്ണപ്പെട്ടുവെന്നും രാജന്‍ ബാബു പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പ്രൊഫ എ.വി താമരാക്ഷന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ബാലരാമപുരം സുരേന്ദ്രന്‍, ആര്‍.പൊന്നപ്പന്‍, വിനോദ് വയനാട്, കെ.പി സുരേഷ്, പി.സി ജയന്‍ , അഡ്വ.സുനിതാ വിനോദ് എന്നിവര്‍ പ്രസംഗിച്ചു.