റാന്നി : റാന്നി ടൗണിലെ വണ്‍വേ സമ്പ്രദായത്തിന് അപ്രതീക്ഷിത മാറ്റം. ഇന്നു മുതല്‍ മാമുക്ക് ഭാഗത്തു നിന്നും എത്തുന്ന ചെറിയ വാഹനങ്ങള്‍ക്ക് ഇട്ടിയപ്പാറ ടൗണിലെത്തുന്നതിന് ബൈപ്പാസ് ചുറ്റേണ്ട. നേരെ ടൗണിലേക്ക് പ്രവേശിക്കാം. പുതിയ പരിഷ്ക്കാരം ബൈപ്പാസിലെ കണ്ടനാട്ടുപടിയിലുണ്ടാവുന്ന ഗതാഗത കുരുക്കുമൂലമെന്നാണ് പോലീസ് ഭാഷ്യം. ഒപ്പം പരീക്ഷണാടിസ്ഥാനത്തില്‍ വണ്‍വെ പരിഷ്ക്കരിക്കാന്‍ എം.എല്‍.എ അടക്കമുള്ള ജനപ്രതിനിധികളുടെ അനുവാദമുണ്ടെന്നും പോലീസ് പറയുന്നു. ടൗണില്‍ ആദ്യം വണ്‍വെ ഏര്‍പ്പെടുത്തിയപ്പോള്‍ ചെറിയ വാഹനങ്ങള്‍ക്ക് യഥേഷ്ടം സഞ്ചരിക്കാമായിരുന്നു.പിന്നീട് അപകടങ്ങളും വിമര്‍ശനങ്ങളും ഏറിയതോടെ മുഴുവന്‍ വാഹനങ്ങള്‍ക്കും വണ്‍വെ ഏര്‍പ്പെടുത്തുകയായിരുന്നു.
ഇതോടെ ടൗണിലെ ഗതാഗത കുരുക്കിന് പരിഹാരവുമായിരുന്നു. എന്നാല്‍ ഒരു കൂട്ടം ആള്‍ക്കാര്‍ വണ്‍വെക്കെതിരെ ഹൈക്കോടതിയെ സമീപിച്ചെങ്കിലും കോടതി വണ്‍വെ സബ്രദായത്തിന് അനുകൂലമായിരുന്നു. ഇപ്പോള്‍ പോലീസ് നടത്തിയ പരിഷ്ക്കാരം വേണ്ടത്ര കൂടിയാലോചന ഇല്ലാതെയാണെന്ന വിമര്‍ശനവും ഉയരുന്നുണ്ട്. വഴിയിലെ കുഴിമൂലമല്ല കണ്ടനാട്ടുപടിയില്‍ ഗതാഗത കുരുക്ക് ഉണ്ടാവുന്നതെന്ന് ഇക്കൂട്ടര്‍ ചൂണ്ടിക്കാട്ടുന്നു. ബൈപ്പാസ് റോഡില്‍ വണ്‍വെ ഉണ്ടെങ്കിലും ഇതിലുള്‍പ്പെടുന്ന ചെട്ടിമുക്ക്-പി.ജെ.ടി ജംഗ്ഷന്‍ റോഡില്‍ വണ്‍വെ ഇല്ല. കാവുങ്കല്‍പടിയില്‍ നിന്നും എത്തുന്ന വാഹനങ്ങളും ചെട്ടിമുക്കില്‍ നിന്നെത്തുന്ന വാഹനങ്ങളും ഒരു പോലെത്തുമ്പോഴാണ് ഗതാഗത കുരുക്ക് ഉണ്ടാവുന്നത്. ഇത് ഒഴിവാക്കാന്‍ ഈ ഭാഗവും വണ്‍വേയില്‍ ഉള്‍പ്പെടുത്തിയാല്‍ മതിയാകും. ഇതിനെതിരെ ചിലര്‍ നില്‍ക്കുന്നതാണ് യഥാര്‍ത്ഥ പ്രശ്നമെന്നിരിക്കെ മുഖം നല്ലതല്ലാത്തതിന് കണ്ണാടിയെ കുറ്റം പറയുന്നതു പോലെയായി ഇപ്പോഴത്തെ നടപടിയെന്നും ആരോപണം ഉയരുന്നുണ്ട്.