മുംബൈ : ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ കുടുങ്ങിയ മുംബൈയിലെ ലഹരി വേട്ടയുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനായി നടി അനന്യ ഖാന്‍ എന്‍സിബി ഓഫീസിലെത്തി. ഉച്ചയ്‌ക്ക് ശേഷം അച്ഛനും നടനുമായ ചങ്കി പാണ്ഡെയ്‌ക്ക് ഒപ്പമാണ് അനന്യ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ ഓഫീസിലെത്തിയത്.
വൈകിട്ട് നാല് മണിയോടെയായിരുന്നു അനന്യ എന്‍സിബി ഓഫീസിലെത്തിയത്. ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെയും ഒപ്പം അറസ്റ്റിലായവരുടെയും മൊബൈലിലെ വാട്‌സ്‌ആപ്പ് ചാറ്റില്‍ നിന്നാണ് അനന്യയുടെ പങ്കിനെക്കുറിച്ച് എന്‍സിബി ഉദ്യോഗസ്ഥര്‍ക്ക് സംശയം തോന്നിയത്.
രണ്ട് മണിക്കായിരുന്നു അനന്യയോട് എന്‍സിബി ഓഫീസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നത്. നേരത്തെ അനന്യയുടെ മുംബൈയിലെ വീട്ടില്‍ റെയ്ഡ് നടത്തിയ എന്‍സിബി ഉദ്യോഗസ്ഥര്‍ ലാപ്‌ടോപ്പും മൊബൈലും ഉള്‍പ്പെടെ പിടിച്ചെടുത്തു. വാട്‌സ്‌ആപ്പ് ചാറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ വ്യക്തത വരുത്തുകയാണ് അനന്യയുമായുളള ചോദ്യം ചെയ്യലില്‍ എന്‍സിബി ലക്ഷ്യമിടുന്നത്. ആര്യനും ഒപ്പം പിടിയിലായവര്‍ക്കും എതിരായ ശക്തമായ തെളിവ് കൂടിയാകും ഇത്.
ഒക്ടോബര്‍ രണ്ടിനാണ് മുംബൈയില്‍ ആഢംബര കപ്പലില്‍ നടന്ന ലഹരി പാര്‍ട്ടിക്കിടെ എന്‍സിബി റെയ്ഡ് നടത്തിയതും ആര്യന്‍ ഖാന്‍ ഉള്‍പ്പെടെ പിടിയിലായതും. ആര്യന്‍ ഖാന് കേസില്‍ കോടതി ജാമ്യം നിഷേധിക്കുകയും ചെയ്തിരുന്നു. ആര്‍തര്‍ റോഡ് ജയിലില്‍ കഴിയുന്ന മകനെ ഷാരൂഖ് ഇന്ന് സന്ദര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെ എന്‍സിബി ഉദ്യോഗസ്ഥര്‍ ഷാരൂഖിന്റെ വീട്ടിലെത്തി ചില രേഖകളും ശേഖരിച്ചിരുന്നു.