കാഞ്ഞിരപ്പള്ളി: പക്ഷികള്‍ക്കു പിന്നാലെ കേരളത്തിലെ കന്നുകാലികളിലും മാരക രോഗം സ്ഥിരീകരിച്ചു. കന്നുകാലികളില്‍ ഉല്‍പാദന നഷ്ടത്തിനും കര്‍ഷകര്‍ക്ക് സാമ്പത്തിക നഷ്ടത്തിനും കാരണമാകുന്ന അനാപ്ലാസ്‌മോസിസ് രോഗം പ്രദേശത്ത് കണ്ടെത്തി. കാഞ്ഞിരപ്പള്ളി വെറ്ററിനറി പോളിക്ലിനിക്കിലെ വെറ്ററിനറി സര്‍ജന്മാരായ ഡോ. രാഹുല്‍, ഡോ. രമ്യ, സീനിയര്‍ വെറ്ററിനറി സര്‍ജന്‍ ഡോ. ഡെന്നിസ് തോമസ് എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് രോഗസൂചനകള്‍ ലഭിച്ചത്.
തുടര്‍ന്ന്, രോഗം സംശയിച്ച പശുവിെന്റ രക്തസാമ്പിള്‍ കോട്ടയം ജില്ല വെറ്ററിനറി കേന്ദ്രത്തിലേക്ക് പരിശോധനക്ക് അയക്കുകയും ലബോറട്ടറി പരിശോധനയില്‍ രോഗം സ്ഥിരീകരിക്കുകയും ചെയ്തു.രോഗത്തിന് കാരണമായ റിക്കറ്റ്‌സിയ വിഭാഗത്തില്‍പെട്ട അനാപ്ലാസ്മ രോഗാണുക്കള്‍ കന്നുകാലികളുടെ ശരീരത്തില്‍ വസിക്കുന്ന പരാദജീവികള്‍ വഴിയാണ് പകരുന്നത്.
രോഗമുള്ള മൃഗങ്ങളുടെ രക്തം കുടിച്ചശേഷം പരാദജീവികള്‍ മറ്റൊരു മൃഗത്തെ ആക്രമിക്കുമ്പോള്‍ രോഗാണുക്കള്‍ അവയുടെ രക്തത്തില്‍ പ്രവേശിക്കുന്നു. ചുവന്ന രക്താണുക്കളെ ആക്രമിച്ച് അവക്കുള്ളില്‍ അനാപ്ലാസ്മ അണുക്കള്‍ പെരുകുകയും തുടര്‍ന്ന് ശരീരത്തിലെ ചുവന്ന രക്താണുക്കള്‍ വ്യാപകമായി നശിക്കുകയും ചെയ്യുന്നു.
രക്തത്തിലെ ഹീമോഗ്ലോബിന്‍ ഗണ്യമായി കുറയുകയും കന്നുകാലികളില്‍ പനി, ക്ഷീണം, വിളര്‍ച്ച, ശരീരം മെലിയുക, പാല്‍ ഉല്‍പാദനം ഗണ്യമായി കുറയുക, വിശപ്പില്ലായ്മ, ശ്വാസംമുട്ടല്‍, മഞ്ഞപ്പിത്തം തുടങ്ങിയ രോഗലക്ഷണങ്ങള്‍ പ്രകടമാകുകയും ചെയ്യുന്നു. ഈ രോഗം മൃഗങ്ങളുടെ കരള്‍, പ്ലീഹ, ശ്വാസകോശം, ഹൃദയം തുടങ്ങിയ അവയവങ്ങളെ ദോഷകരമായി ബാധിച്ചേക്കാം.
ആരംഭത്തില്‍തന്നെ രോഗം കണ്ടെത്തുകയും കൃത്യമായ ചികിത്സയും പരിചരണവും നല്‍കുകയും ചെയ്താല്‍ മൃഗങ്ങളെ രക്ഷപ്പെടുത്താന്‍ കഴിയും. രോഗം പടരുന്നത് തടയാന്‍ കന്നുകാലികളുടെ ശരീരത്തില്‍നിന്ന് പരാദജീവികളെ ഒഴിവാക്കുകയും തൊഴുത്തും പരിസരവും ശുചിയായി സൂക്ഷിക്കുകയും വേണം. തൊഴുത്തിന് പരിസരത്തുള്ള മണ്ണില്‍ പരാദജീവികള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ആഴ്ചയിലൊരിക്കല്‍ പരിസരം വൃത്തിയാക്കി ചപ്പുചവറുകള്‍ കത്തിച്ചുകളയുകയും വേണം.