കോന്നി : കേന്ദ്ര സർക്കാർ നടപ്പാക്കിയ പൗരത്വ ഭേതഗതി ബില്ലിനെതിരായ ജനങ്ങളുടെ പ്രക്ഷോഭങ്ങൾക്ക് മുന്നിൽ പിടിച്ചുനിൽക്കുവാൻ ബി ജെ പി ഭരിക്കുന്ന കേന്ദ്രഗവൺമെൻ്റിന് സാധിക്കില്ലെന്ന് സി ഐ റ്റി യു സംസ്ഥാന പ്രസിഡൻ്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. പൗരത്വ ഭേതഗതി നിയമം പിൻവലിക്കണമെന്നും ഭരണഘടന സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ട് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ നേതൃത്ത്വത്തിൽ ജനുവരി 26ന് നടക്കുന്ന മനുഷ്യ മഹാ ശൃഖലയോടനുബന്ധിച്ച് സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ ക്യാപ്റ്റനായ വാഹന പ്രചരണജാഥ ഇളമണ്ണൂരിൽ ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നമ്മുടെ രാജ്യം അംഗീകരിച്ച ഭരണഘടന വർഷങ്ങൾ ചർച്ച ചെയ്ത് മഹത് വ്യക്തികൾ നിർമ്മിച്ചതാണ്. ജനങ്ങൾക്ക് സാമൂഹ്യ സാമ്പത്തിക നീതി ഉറപ്പുവരുത്തുന്നതാണ് നമ്മുടെ ഭരണഘടന. ഇതാണ് രാജ്യത്തിന്റെ ആധാരം. ഇതിന്റെ അടിത്തറയാണ് പൗരത്വ ഭേതഗതി ബില്ലിലൂടെ ഇളക്കുന്നത്. ന്യൂനപക്ഷങ്ങൾക്ക് പോലും ഇന്ത്യയിൽ തുല്ല്യതയുണ്ടാകണം. ഭരണഘടനയെ മാറ്റി മറിക്കുവാൻ നരേന്ദ്രമോദിക്കും അമിത്ഷായ്ക്കും അവകാശമില്ല. ഭരണഘടനയിൽ തൊട്ട് സത്യപ്രതിജ്ഞചെയ്ത് അധികാരത്തിലേറിയാൽ കൂറ് ഭരണഘടനയോട് ആയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സി പി ഐ സംസ്ഥാന കൗൺസിലംഗം പി ആർ ഗോപിനാഥൻ അദ്ധ്യക്ഷത വഹിച്ചു. ജാഥാ ക്യാപ്റ്റൻ സി പി ഐ ജില്ലാ സെക്രട്ടറി എ പി ജയൻ പതാക ഏറ്റുവാങ്ങി. സി പി ഐ എം ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു, അഡ്വ കെ യു ജനീഷ് കുമാർ എം എൽ എ, സി പി ഐ സംസ്ഥാന കൗൺസിലംഗം മുണ്ടപ്പള്ളി തോമസ്, സി പി ഐ കോന്നി മണ്ഡലം അസിസ്റ്റൻ്റ് സെക്രട്ടറി കെ രാജേഷ്, സി പി ഐ ജില്ലാ എക്സിക്യൂട്ടീവ് കമ്മറ്റിയംഗങ്ങളായ മലയാലപ്പുഴ ശശി, എം പി മണിയമ്മ,സി പി ഐ ജില്ലാ കൗൺസിലംഗം എ ദീപകുമാർ, സി പി ഐ ഇളമണ്ണൂർ ലോക്കൽ സെക്രട്ടറി സുബാഷ് കുമാർ, കുന്നിട ലോക്കൽ സെക്രട്ടറി പി വേണു, പ്രൊഫ കെ മോഹൻകുമാർ, എ പത്മകുമാർ എക്സ് എം എൽ എ, ജില്ലാപഞ്ചായത്തംഗം ആർ ബി രാജീവ് കുമാർ, ജനാധിപത്യ കേരളകോൺഗ്രസ് പ്രസിഡൻ്റ് രാജു നെടുംമ്പുറം, സാജു അലക്സ്, സി പി ഐ എം കൊടുമൺ ഏരിയ സെക്രട്ടറി സലീം, സനന്ദൻ ഉണ്ണിത്താൻ, എം കെ വാമൻ, മങ്ങാട് സുരേന്ദ്രൻ, സി പി ഐ അടൂർ മണ്ഡലം സെക്രട്ടറി ഏഴംകുളം നൗഷാദ്, ബിനോയ്, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡൻ്റ് പ്രീത തുടങ്ങിയവർ പ്രസംഗിച്ചു.