കൊല്ലം: അഞ്ചല്‍ ഏരൂരിനടുത്ത് ദൃശ്യം സിനിമയുടെ മോഡലില്‍ കൊലപാതകം നടന്നെന്ന് കണ്ടെത്തിയ പ്രദേശത്ത് പോലീസ് തെളിവെടുപ്പ് തുടരുന്നു. സംഭവ സ്ഥലത്ത് കുഴിയെടുത്ത് പരിശോധിച്ചപ്പോള്‍ എല്ലിന്‍ കഷ്‌ണവും ഒരു ചാക്കും കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. കൂടുതല്‍ മൃതദേഹാവശിഷ്‌ടങ്ങള്‍ക്കായി സ്ഥലത്ത് പരിശോധന തുടരുകയാണ്.
ഫോറന്‍സിക് വിദഗ്ദ്ധരുടെ സാന്നിദ്ധ്യത്തിലാണ് പരിശോധന. പ്രതികളായ സജിനെയും അമ്മയെയും രാവിലെ പത്ത് മണിയോടെ പോലീസ് തെളിവെടുപ്പിന് എത്തിച്ചിരുന്നു. നിരവധിപ്പേര്‍ കുഴിയെടുത്ത് മൃതദേഹം പുറത്തെടുക്കുന്നത് കാണാന്‍ സ്ഥലത്ത് തടിച്ചുകൂടിയിട്ടുണ്ട്.
ഷാജിയും സഹോദരനായ സജിനും തമ്മില്‍ ഉണ്ടായ വാക്കുതര്‍ക്കത്തിനിടെ സജിന്‍ ഷാജിയെ തലയ്ക്കടിച്ച് കൊല്ലുകയായിരുന്നുവെന്നാണ് മൊഴി. ഇതേ തുടര്‍ന്ന് ഷാജിയുടെ മൃതദേഹം വീട്ടിലെ പറമ്പില്‍ കിണറിനോട് ചേര്‍ന്ന് കുഴിച്ചിടുകയായിരുന്നു. ഷാജിയെ കാണാനില്ലെന്നാണ് കുടുംബം നാട്ടുകാരോടെല്ലാം പറഞ്ഞിരുന്നത്.
എന്നാല്‍ ഷാജിയെ ആസൂത്രിതമായി കൊന്നതല്ലെന്നാണ് സജിന്‍ പോലീസിന് നല്‍കിയിരിക്കുന്ന മൊഴി. ഭാര്യയെയും അമ്മയെയും ആക്രമിക്കുന്നത് തടയാന്‍ ശ്രമിക്കുന്നതിനിടെ പറ്റിയ കൈയബദ്ധം മാത്രമായിരുന്നു ഇത്. സ്ത്രീകളെ ആക്രമിക്കുന്നതില്‍ നിന്ന് ഷാജിയെ പിന്തിരിപ്പിക്കുക മാത്രമായിരുന്നു മര്‍ദ്ദന ലക്ഷ്യമെന്നും കസ്റ്റഡിയിലുളള സജിന്‍ പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. മരിച്ച ഷാജി വീട്ടില്‍ സ്ഥിരം പ്രശ്‌നമുണ്ടാക്കാറുണ്ടായിരുന്നെന്നും സജിന്‍ പോലീസിനോട് പറഞ്ഞു.