കൊല്ലം : അഞ്ചൽ ഉത്ര വധക്കേസിൽ പാമ്പ് പിടുത്തക്കാരൻ കല്ലുവാതുക്കൽ സുരേഷിനെ മാപ്പ് സാക്ഷിയാക്കി കോടതി. മാപ്പ് സാക്ഷിയാക്കണമെന്ന് സുരേഷിന്‍റെ അപേക്ഷ പരിഗണിച്ചാണ് കോടതിയുടെ തീരുമാനം. ഇതോടെ സുരേഷ് കേസിലെ മുഖ്യ സാക്ഷിയാകും.
ഉത്രയെ കൊലപ്പെടുത്താൻ ഉപയോഗിച്ച മൂർഖൻ പാമ്പിനെ കേസിലെ ഒന്നാം പ്രതി സൂരജിന് നൽകിയത് സുരേഷായിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ ഉത്രവധ കേസിൽ ഇയാളെ രണ്ടാം പ്രതിയാക്കിയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. സൂരജ് കൊലപാതകത്തിന് വേണ്ടിയാണ് മൂർഖനെ വാങ്ങിയതെന്ന് തനിക്ക് അറിവില്ലായിരുന്നുവെന്നും വീട്ടിലെ പെരുച്ചാഴിയേ പിടികൂടാൻ വേണ്ടിയാണ് പാമ്പിനെ എന്ന് സൂരജ് തന്നെ പറഞ്ഞ് വിശ്വസിപ്പിച്ചുവെന്നുമാണ് ക്രൈംബ്രാഞ്ചിന് ഇയാൾ നൽകിയ മൊഴി. തുടർന്ന് സുരേഷ് തന്നെ മാപ്പ് സാക്ഷിയാക്കണമെന്നാവശ്യപ്പെട്ട് പുനലൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിൽ അപേക്ഷയും നൽകിയിരുന്നു. മാപ്പ് സാക്ഷിയാക്കുന്നതിൽ എതിർപ്പില്ലെന്ന് അന്വേഷണ സംഘവും കോടതിയെ അറിയിച്ചു. സുരേഷിന്‍റെ രഹസ്യമൊഴിയും കോടതി രേഖപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് സുരേഷിനെ മാപ്പ് സാക്ഷിയാക്കാൻ കോടതി തീരുമാനിച്ചത്.
ഇതോടെ സുരേഷ് കേസിലെ ഒന്നാം സാക്ഷിയാകുമെന്നാണ് വിവരം. സുരേഷിൻ്റെ മൊഴി ഉടൻ അന്വേഷണ സംഘം രേഖപ്പെടുത്തും. അനധികൃതമായി പാമ്പിനെ വിറ്റതടക്കമുള്ള കേസുകളിൽ പ്രതിയാണ് സുരേഷ്. കൊലപാതക കേസിൽ മാപ്പ് സാക്ഷിയാക്കിയാലും സുരേഷ് ഉടൻ ജയിൽ മോചിതനാകില്ല. അതേസമയം കേസിലെ മൂന്നാം പ്രതിയായ സൂരജിൻ്റെ അച്ഛൻ സുരേന്ദ്രൻ്റെ ജാമ്യാപേക്ഷ മുൻപ് ഹൈക്കോടതി തള്ളിയിരുന്നു. സൂരജിൻ്റെ അമ്മയുടെയും സഹോദരിയുടെയും കൊലപാതകത്തിലെ പങ്ക് വീണ്ടും അന്വേഷിക്കണമെന്ന് ഉത്രയുടെ വീട്ടുകാർ ആവശ്യം ഉന്നയിക്കുന്നുണ്ട്.