റാന്നി: പെരുനാട്, അത്തിക്കയം, മുക്കം നിവാസികളെ റാന്നിയുമായി ബന്ധപ്പെട്ടിരുന്ന അഞ്ചുകുഴി – മുക്കം റോഡിന്റെ അവസ്ഥ ദയനീയം. തകര്‍ന്നുകിടക്കുന്ന റോഡിലൂടെ ഇപ്പോഴും നിരവധി വാഹനങ്ങള്‍ കടന്നു പോകുന്നു. ഏതു സമയവും അപകടമുണ്ടാകാവുന്ന അവസ്ഥയാണ്. മഴയില്‍ വാഹനങ്ങള്‍ കോണ്‍ക്രീറ്റില്‍ തെന്നി മാറിയാല്‍ ജീവഹാനി വരെ ഉണ്ടാകാം. റോഡ് പണിയില്‍ വ്യാപകമായ ക്രമക്കേട് നടന്നതായും ആരോപണമുണ്ട്. അഞ്ചുകുഴി മുതല്‍ നാറാണംമൂഴി വരെയുള്ള ഭാഗം ടാര്‍ ചെയ്യാന്‍ ടെന്‍ഡര്‍ നല്‍കിയെങ്കിലും മൂങ്ങാപ്പാറ വരെ ആദ്യം ടാര്‍ ചെയ്ത് ബില്ല് മാറി എന്നാണ് പറയുന്നത്. ശേഷിച്ച ഒന്നര കിലോമീറ്ററില്‍ 50 മീറ്റര്‍ കോണ്‍ക്രീറ്റ് ഉള്‍പ്പെടെ ചെയ്യാന്‍ പിന്നെയും തുക ചെലവാക്കി. എന്നിട്ടും പണി നാറാണംമൂഴിയില്‍ എത്തിയില്ല. ഇനിയും ഒരു കിലോമീറ്ററോളം റോഡ് തകര്‍ന്ന് കാല്‍നട പോലും ദുഷ്‌കരമായി കിടക്കുന്നു. റോഡ് മഴക്കാലമായതോടെ തോടായ അവസ്ഥയാണ്. ദയനീയ അവസ്ഥ ജനപ്രതിനിധികളെ അറിയിച്ചെങ്കിലും കൈ മലര്‍ത്തുകയാണ് ചെയ്തത്. അത്തിക്കയം പാലം വരുന്നതിന് മുമ്പ് മൂന്ന് ബസുകള്‍ ഈ റോഡിലൂടെ സര്‍വീസ് നടത്തിയിരുന്നു. എന്നാല്‍ പതിറ്റാണ്ടുകളായി ഒരു ബസ് പോലുമില്ല എന്നതാണ് അവസ്ഥ.
മുക്കം, പെരുനാട് നിവാസികള്‍ക്ക് റാന്നിയില്‍ എത്താനുള്ള എളുപ്പ മാര്‍ഗമാണിത്. പൊതുമരാമത്തിന് ഈ പാത ജില്ലാ പഞ്ചായത്ത് വിട്ടുകൊടുക്കാതിരുന്നതാണ് ശാപമായത്. പത്ത് വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ജില്ലാ പഞ്ചായത്ത് അടുത്തിടെ കുറെഭാഗം ടാര്‍ ചെയ്തത് പ്രഹസനമായി. ശേഷിച്ച ഒരു കിലോമീറ്ററില്‍ ഇപ്പോള്‍ റോഡ് ഏതാണ്, തോട് ഏതാണ് എന്ന അവസ്ഥയിലാണ്. വനാതിര്‍ത്തിയോട് ചേര്‍ന്ന ഇറക്കത്തില്‍ ഒരു കാറിന് കഷ്ടിച്ച് കടന്നു പോകാവുന്ന വീതിയില്‍ അടുത്തിടെ കോണ്‍ക്രീറ്റ് ചെയ്തിരുന്നു. വെള്ളം കുത്തിയൊഴുകി ഇതിന്റെ ഒരു വശത്ത് രണ്ടുഅടി ആഴത്തില്‍ കുഴി രൂപപ്പെട്ടിട്ടുണ്ട്. ഒരിക്കല്‍ പെരുനാട്, അത്തിക്കയം നിവാസികളുടെ ഏക ആശ്രയമായിരുന്നു ഈ റോഡ്. അറ്റകുറ്റപ്പണി നടത്താന്‍ ജില്ലാ പഞ്ചായത്തിന് കഴിയില്ലെങ്കില്‍ പൊതുമരാമത്ത് വകുപ്പിന് കൈമാറി ദുരിതത്തിന് അറുതി വരുത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.