പത്തനംതിട്ട : കൊടുമണ്‍ അങ്ങാടിക്കലില്‍ യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ച ഏഴു പേർ അറസ്റ്റിൽ. കൊടുമൺ ഇടത്തിട്ട കളത്തിൽ തെക്കേതിൽ അനിൽ കുമാറിന്റെ മകൻ അഭിഷേക് (23), വിളയിൽ വീട്ടിൽ വിത്സന്റെ മകൻ വിനു വിത്സൻ (20), വിളയിൽ പടിഞ്ഞാറ്റേതിൽ ലാലുവിന്റെ മകൻ അരവിന്ദ് (23), കക്കത്താനത്ത് വിളയിൽ അശോകന്റെ മകൻ അമൽ (22), പന്തളം തെക്കേക്കര പാറക്കര തട്ടയിൽ ആലുവിള വീട്ടിൽ രാജേന്ദ്രന്റെ മകൻ വിശാഖ് (23), ഓമല്ലൂർ നെടുമ്പള്ളിൽ ആറ്റരികം വീട്ടിൽ വിജയന്റെ മകൻ വിശാൽ (22), ഇടത്തിട്ട ഉമേഷ് ഭവനം വീട്ടിൽ കമലാസനന്റെ മകൻ ഉമേഷ് (23) എന്നിവരാണ് അറസ്റ്റിലായത്.
അങ്ങാടിക്കൽ വായനശാലാ ജംഗ്ഷനില്‍ മുണ്ടയ്ക്കൽ തെക്കേതിൽ ജയപ്രകാശാണ്(39) വീടിനുമുന്നിൽ വെച്ച് ക്രൂരമർദ്ദനത്തിന് ഇരയായത്. ശനിയാഴ്ച രാത്രി 8 മണിയ്ക്കാണ് സംഭവം. പ്രതികള്‍ അമിതവേഗതയിൽ വാഹനമോടിച്ചുപോയത് നാട്ടുകാരില്‍ ചിലര്‍ ചോദ്യം ചോദ്യം ചെയ്തിരുന്നു. ഇവരുടെ കൂട്ടത്തില്‍ ജയപ്രകാശും ഉണ്ടെന്നാരോപിച്ചായിരുന്നു മര്‍ദ്ദനം. ജയപ്രകാശിന്റെ വീടിന്റെ മുമ്പില്‍ കാറിലെത്തിയ പ്രതികൾ അസഭ്യവർഷത്തോടെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഇരുമ്പുകമ്പി കൊണ്ടുള്ള അടിയില്‍ ജയപ്രകാശിന് തലക്ക് പരുക്കേറ്റു. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ഇദ്ദേഹം.
സംഭവം നടന്ന ഉടന്‍തന്നെ ആശുപത്രിയിലെത്തി പരുക്കേറ്റ യുവാവിന്റെ മൊഴി എസ് ഐ മനീഷിന്റെ നേതൃത്വത്തിൽ രേഖപ്പെടുത്തി കേസെടുക്കുകയായിരുന്നു. ജില്ലാ പോലീസ് മേധാവി സ്വപ്നിൽ മധുകർ മഹാജന്റെ നിർദേശപ്രകാരം പ്രതികൾക്ക് വേണ്ടി രാത്രി തന്നെ അന്വേഷണം ഊർജ്ജിതമാക്കി. തുടര്‍ന്ന് കൊടുമൺ പോലീസ് ഇൻസ്പെക്ടർ പ്രവീൺ വി എസ്സിന്റെ നേതൃത്വത്തിൽ ശനിയാഴ്ച രാത്രി തന്നെ പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
പ്രതികള്‍ സഞ്ചരിച്ച കാറും പോലീസ് കസ്റ്റഡിയില്‍ എടുത്തു. കാറിൽ നിന്നും മര്‍ദ്ദനത്തിന് ഉപയോഗിച്ച ഇരുമ്പ് പൈപ്പും ഹെൽമെറ്റും ചെരുപ്പുകളും കണ്ടെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. എസ് ഐ അശോക് കുമാർ, എ എസ് ഐ സന്തോഷ്, എസ് സി പി ഓ അൻസാർ, സി പി ഓമാരായ ജിതിൻ, ഷിജു, അജിത് എസ് പി, ഷൈമോൻ, അജിത് എന്നിവരായിരുന്നു അന്വേഷണ സംഘത്തില്‍.