കൊല്ലം : കത്തോലിക്കാ സഭക്കെതിരെ അപകീർത്തികരമായ വീഡിയോകൾ യൂട്യൂബ് ചാനൽ വഴി പ്രചരിപ്പിച്ച കെഎംഎംഎൽ കമ്യൂണിറ്റി ആൻഡ് പബ്ലിക് റിലേഷൻ മാനേജർ അനിൽ മുഹമ്മദിന് സസ്പെൻഷൻ. അപകീർത്തികരമായ ഉള്ളടക്കത്തോടെ ജംഗ്ഷൻ ഹാക്ക്, അനിൽ ടോക്സ് എന്നീ യൂട്യൂബ് ചാനലുകൾ വഴി അവഹേളനപരമായ വീഡിയോകൾ പ്രചരിപ്പിച്ചതിനെതിരെ കൊല്ലം രൂപത ബിഷപ്പ് ഹൗസ് മുഖ്യമന്ത്രിക്ക് നൽകിയ പരാതിയെ തുടർന്നാണ് അനിൽ മുഹമ്മദിനെ സസ്പെൻഡ് ചെയ്‌തത്. ബിഷപ്പ് ഹൗസിന്റെ പരാതിയെത്തുടർന്ന് വ്യവസായ വകുപ്പ് ഓഫിസർ ഓൺ സ്പെഷൽ ഡ്യൂട്ടി ആനി ജൂലിയ തോമസ് ഐഎഎസ് നടത്തിയ അന്വേഷണ റിപ്പോർട്ടിന്മേലാണ് നടപടി.
പരാതിക്കൊപ്പം അനിൽ മുഹമ്മദ് നടത്തിയിട്ടുള്ള ക്രിസ്ത്യൻ അവഹേളനങ്ങളുടെ 21 ഓളം വീഡിയോകളും നൽകിയിരുന്നു. ഈ വീഡിയോകളിൽ പലതും കാസയെ പേര് ചേർത്താണ് പറഞ്ഞു തുടങ്ങുന്നതെങ്കിലും അവഹേളിക്കുവാൻ ശ്രമിച്ചത് എല്ലാം ക്രൈസ്തവ വിശ്വാസങ്ങളെയും സഭയും പിതാക്കന്മാരെയും വൈദികരെയും ഒക്കെ തന്നെയായിരുന്നു. ഇതിൽ ആലപ്പുഴ രൂപത തുടങ്ങിയ ഹോട്ടലിനെക്കുറിച്ചും തിരുവനന്തപുരം രൂപത അനധികൃതമായി ഭൂമികൾ കൈവശപ്പെടുത്തിയിട്ടുണ്ടെന്നതും ഉൾപ്പെടെയുള്ള വീഡിയോകൾ ഉണ്ടായിരുന്നു.