റിയാദ് : സൗദി അറേബ്യയില്‍ സ്വദേശിക്ക് വാക്‌സിന്‍ ഇല്ലാതെ കാലി സിറിഞ്ച് കുത്തിവെച്ച ആരോഗ്യ പ്രവര്‍ത്തകന്‍ അറസ്റ്റില്‍. റിയാദിലാണ് ഏഷ്യക്കാരനായ ആരോഗ്യ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്.
വാക്സിന്‍ ഇല്ലാതെ സിറിഞ്ച് കുത്തിവെക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെയാണ് റിയാദ് ആരോഗ്യ വിഭാഗം ഈ സംഭവത്തില്‍ വിശദീകരണം നല്‍കിയത്. റിയാദിലെ ഒരു സ്വകാര്യ മെഡിക്കല്‍ കോളേജില്‍ ഏകദേശം ഒരു മാസം മുമ്പ് നടന്ന സംഭവമാണ് ഇപ്പോള്‍ പ്രചരിക്കുന്നതെന്നും വീഴ്ച വരുത്തിയ ആരോഗ്യ പ്രവര്‍ത്തകനെ ഉടന്‍ തന്നെ അറസ്റ്റ് ചെയ്തിരുന്നെന്നും ആരോഗ്യ വിഭാഗം വ്യക്തമാക്കി. സ്വദേശിക്ക് അപ്പോള്‍ തന്നെ വാക്‌സിന്‍ ലഭ്യമാക്കുകയും ചെയ്തു. ഇത്തരം സംഭവങ്ങള്‍ യാതൊരു കാരണവശാലും അനുവദിക്കില്ലെന്നും അധികൃതര്‍ പറഞ്ഞു. തുടരന്വേഷണത്തിനും നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിനുമായി അറസ്റ്റിലായ ആരോഗ്യ പ്രവര്‍ത്തകനെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയിട്ടുണ്ട്.