കന്നു കാലികളിലെ ഭക്ഷ്യവിഷ ബാധ തടയാൻ കൃത്യമായ നിരീക്ഷണവും ജാഗ്രതയും ആവശ്യമാണ്. ഭക്ഷ്യവസ്തുക്കളിലെ പൂപ്പൽ ബാധയാണ് കന്നുകാലികളിൽ ഭക്ഷ്യവിഷബാധയുണ്ടാവാൻ മുഖ്യകാരണം. പൂപ്പലുകളിൽ കാണപ്പെടുന്ന ആർജില്ലസ് വിഭാഗത്തിൽപ്പെട്ട കുമിളുകളാണ് പ്രധാനമായും ഭക്ഷ്യ വിഷബാധയുണ്ടാക്കുന്നത്. ഇത്തരം കുമിളുകൾ ഉത്പാദിപ്പിക്കുന്ന വിഷവസ്തുക്കൾ പൊതുവേ അഫ്ളാടോക്സികൾ എന്നാണ് അറിയപ്പെടുന്നത്. ഇതു മൂലമുണ്ടാകുന്ന വിഷബാധയെ അഫ്ളാടോക്സിക്കോസിസ് എന്നും വിളിക്കുന്നു. ശരിയായ വിധത്തിൽ സൂക്ഷിക്കാത്ത ധാന്യ വർഗ തീറ്റകൾ ഭഷ്യവിഷ ബാധയക്ക് കാരണമാകും. ശരിയായ രീതിയിൽ ജലാംശം നിയന്ത്രിക്കാതെ സൂക്ഷിക്കുന്ന ഉണക്കപ്പുല്ല്, സൈലേജ് നിർമാണത്തിലെ അപാകതകൾ എന്നിവ പൂപ്പൽ ബാധയ്ക്കും അതു വഴിയുള്ള ഭഷ്യ വിഷബാധയ്ക്കും കാരണമാകാം. ഭക്ഷ്യവിഷബാധ കാലികളുടെ ആരോഗ്യത്തെ കാര്യമായി ബാധിക്കും. കാലികളിലെ പാൽ ഉത്പാദനക്ഷമത കുറയ്ക്കും. വിഷാംശമുള്ള വസ്തുക്കൾ തുടർച്ചയായി കഴിക്കുന്ന മൃഗങ്ങളിൽ പ്രത്യുത്പാദന ക്ഷമതയെയും കുറയ്ക്കും. പ്രതിരോധശക്തി കുറയുന്നതു മൂലം മറ്റ് രോഗങ്ങൾ വളരെ വേഗം പിടികൂടുകയും ചെയ്യും.
ലക്ഷണങ്ങൾ
വയറിളക്കം, തീറ്റയെടുക്കാൻ മടി, വിശപ്പില്ലായ്മ, രോമക്കൊഴിച്ചിൽ, വാൽ, ചെവി തുടങ്ങിയ ശരീരാഗങ്ങൾ അറ്റു പോകുക, കുളമ്പ് ചീയൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. അഫ്ളാടോക്സിൻ വിഷബാധ ഒരു കാലിക്കൂട്ടത്തിൽ ഒന്നാകെ ബാധിക്കും. അതിനാൽ പരക്കെ അസുഖ ലക്ഷണങ്ങൾ കാണിക്കും.
ചികിൽസ
തീറ്റ വസ്തുക്കൾ പരിശോധിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. തീറ്റയിൽ പൂപ്പൽബാധ സംശയിക്കുകയോ കണ്ടെത്തുകയോ ചെയ്താൽ അവ മൃഗങ്ങൾക്ക് കൊടുക്കുന്നത് പൂർണമായും നിർത്തു.ശരീത്തിലെ രോമം പൊഴിയുകയോ താപനില കൂടുകയോ ചെയ്താൽ ചികിൽസ നൽകുക. പ്രതിരോധശേഷി കൂട്ടുന്നതരത്തിലുള്ള ലവണഘടകങ്ങൾ കാലികളുടെ ഭക്ഷണത്തിൽ ഉൽപ്പെടുത്തുക. തൊഴുത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യുകയും ശുചിത്വം പാലിക്കാൻ പരമാവധി ശ്രദ്ധിക്കുകയും വേണം.