പത്തനംതിട്ട : മൃഗ സംരക്ഷണ മേഖലയിലെ മികവാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ക്ക് കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും ലഭിച്ച അവാര്‍ഡുകളില്‍ ജില്ലയില്‍ ഉദ്യോഗസ്ഥതലത്തിലുളള മൂന്ന് അവാര്‍ഡുകളാണ് ലഭ്യമായത്. സംസ്ഥാനത്തെ മികച്ച ഡെപ്യൂട്ടി ഡയറക്ടറായി അവാര്‍ഡിന് അര്‍ഹയായ ഡോ. ജി അംബികാദേവി പത്തനംതിട്ട ജില്ലാ മൃഗസംരക്ഷണ ഓഫീസറാണ്. മികച്ച ഫാം ഓഫീസറായി നിരണം ഡക്ക് ഫാം അസിസ്റ്റന്റ് ഡയറക്ടര്‍ ഡോ. തോമസ് ജേക്കബും മികച്ച ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ ആയി നിരണം വെറ്റിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എസ്.ബിജു എന്നിവര്‍ക്കാണ് പുരസ്‌കാരങ്ങള്‍ ലഭ്യമായത്.
മൃഗസംരക്ഷണ മേഖലയില്‍ സംസ്ഥാനത്ത് ആദ്യമായി നടപ്പാക്കിയ മിഷന്‍ നന്ദിനി പദ്ധതി, തെരുവുനായ നിയന്ത്രണത്തിനായി ജില്ലയില്‍ നടപ്പാക്കിയ എ.ബി.സി പദ്ധതി, 2018 ലെ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ എന്നിവ പരിഗണിച്ചാണ് ജില്ലാ മൃഗസംരക്ഷണ ഓഫീസറായ ഡോ. ജി അംബികാദേവി അവാര്‍ഡിന് അര്‍ഹയായത്. പക്ഷിപനി , പ്രളയം തുടങ്ങിയ പ്രശ്ന കാലങ്ങളില്‍ ശാസ്ത്രീയവും സമയബന്ധിതവുമായ ഇടപെടലിലൂടെ ഫാമിന്റെ പുനരുദ്ധാരണവും നവീകരണവും സാധ്യമാക്കി. കുട്ടനാടന്‍ തനത് താറാവുകളുടെ സംരക്ഷണം ഉറപ്പാക്കി ഡക്ക് ഹാച്ചറി, ഡക്ക് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്നിവയുടെ നിര്‍മാണ മേല്‍നോട്ടം എന്നിവ പരിഗണിച്ചാണ് അവാര്‍ഡിന് നിരണം ഡക്ക് ഫാം അസി. ഡയറക്ടര്‍ ഡോ. തോമസ് ജേക്കബ് അര്‍ഹനായത്. പ്രളയകാലത്തെ മികച്ച ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍, കന്നുകാലി സെന്‍സസ് പ്രവര്‍ത്തനം, സാംക്രമിക രോഗ നിയന്ത്രണം തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് നിരണം വെറ്റിനറി സബ് സെന്ററിലെ ലൈവ് സ്റ്റോക്ക് ഇന്‍സ്പെക്ടര്‍ എസ്.ബിജു അവാര്‍ഡിന് അര്‍ഹനായത്.നാളെ ചൊവ്വാഴ്ച തിരുവനന്തപുരത്ത് മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന അവാര്‍ഡ് ദാന ചടങ്ങിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. മൃഗസംരക്ഷണ വകുപ്പ് മന്ത്രി അഡ്വ. കെ. രാജു അധ്യക്ഷത വഹിക്കും.