കൊച്ചി: ലോക്ക് ഡൗണ്‍ കാലത്ത് ഭക്ഷണം കിട്ടാത്ത മൃഗങ്ങളെ ഊട്ടാന്‍ ഭക്ഷണ വണ്ടി എത്തും. വണ്‍നസ് സംഘടനയിലെ 22 വോളന്റിയര്‍മാര്‍ കൊച്ചി നഗരത്തിനകത്തും പുറത്തുമായി 12 വാഹനങ്ങളിലാണ് തെരുവു മൃഗങ്ങള്‍ക്കായി ഭക്ഷണം എത്തിക്കുന്നത്. ഭക്ഷണ വിതരണത്തില്‍ ഇന്ന് ജില്ലാ കളക്ടര്‍ എസ്.സുഹാസ് പങ്കാളിയായി. ഓരോ പ്രദേശത്തും മൃഗങ്ങള്‍ കൂടുതലായി കാണപ്പെടുന്ന സ്ഥലങ്ങള്‍ കണ്ടെത്തിയാണ് ഇവരുടെ ഭക്ഷണ വിതരണം.
ജില്ലാഭരണകൂടത്തിന്‍റെ സഹായത്തോടെയുള്ള പദ്ധതിയ്ക്ക് ഇന്ന് തുടക്കമായി. വണ്‍നെസ്, ധ്യാന്‍ ഫൗണ്ടേഷന്‍ എന്നീ സംഘടനകളുടെ പ്രവര്‍ത്തകരാണ് വോളന്റിയര്‍മാരായി പ്രവര്‍ത്തിക്കുക. രാവിലെ 9 മുതല്‍ 12 വരെയും വൈകിട്ട് അഞ്ച് മുതല്‍ എട്ടു വരെയുമാണ് ഇവര്‍ക്ക് ഭക്ഷണ വിതരണത്തിന് അനുമതി നല്‍കിയിട്ടുള്ളത്. ദിവസേന 15 കിലോഗ്രാം അരിയുടെ ഭക്ഷണമാണ് മൃഗങ്ങള്‍ക്കായി ഇവര്‍ തയ്യാറാക്കുന്നത്. ചോറിനു പുറമെ ബിസ്‌ക്കറ്റുകളും മൃഗങ്ങള്‍ക്കുള്ള ആഹാരവും ചേര്‍ത്താണ് വണ്‍നെസിന്‍റെ ഭക്ഷണ വിതരണം. തെരുവില്‍ കഴിയുന്ന മൃഗങ്ങളുടെ ഭക്ഷണ സൗകര്യമുള്‍പ്പെടെ ഒരുക്കാന്‍ മൃഗ സംരക്ഷണ വകുപ്പ് ഹെല്‍പ്പ് ലൈന്‍ നമ്പര്‍ ആരംഭിച്ചു. 9995511742 എന്ന നമ്പറില്‍ വിളിച്ചറിയിക്കാം.