ന്യൂഡൽഹി: പൊതുസ്ഥലത്ത് മൂത്രമൊഴിക്കരുതെന്ന് നിർദേശിച്ചതിന് ഡൽഹിയിൽ യുവാവിന് ക്രൂരമർദനം. ഫൂട്പാത്തിൽ കിടന്നുറങ്ങുകയായിരുന്ന ആൾക്കാണ് മർദനമേറ്റത്. മർദിച്ചയാളെ പോലീസ് അറസ്റ്റ് ചെയ്തു. മർദനത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പുറത്ത് വന്നിട്ടുണ്ട്. ടൂ വീലറിലെത്തിയയാൾ ഫൂട്പാത്തിൽ കിടന്നുറങ്ങുന്നയാളെ വടികൊണ്ട് മർദിക്കുകയായിരുന്നു. ഇയാൾക്കൊപ്പം ബൈക്കിലെത്തിയ മറ്റുള്ളവർ ഇത് കണ്ട് നിൽക്കുകയും ചെയ്തു. ഏകദേശം 20 സെക്കൻഡ് സമയം ക്രൂരമായ മർദനം തുടർന്നു. തുടർന്ന് മർദനമേറ്റയാൾ തിരിച്ചടിക്കാൻ തുനിഞ്ഞതോടെ വീണ്ടും മർദിച്ചു.
പിന്നീട് സമീപത്ത് കൂടി ഒരു കാർ പോകുന്നത് കണ്ടപ്പോഴാണ് ഇയാൾ മർദനം നിർത്തിയത്. സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ച് സംഭവത്തിൽ പ്രാഥമിക അന്വേഷണത്തിൽ ആര്യൻ എന്നയാളാണ് മർദിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രദേശത്തെ ഒരു വീട്ടിൽ ജോലി ചെയ്ത് വരികയായിരുന്നു ഇയാൾ. രാംഫാൽ എന്നയാൾക്കാണ് മർദനമേറ്റത് ആര്യൻ വ്യാഴാഴ്ച പ്രദേശത്തെ പൊതുസ്ഥലത്ത് മൂത്രമൊഴിച്ചപ്പോൾ സമീപത്തെ കടയിൽ ജോലി ചെയ്യുകയായിരുന്ന രാംഫാൽ പിന്തിരിപ്പിക്കാൻ ശ്രമിച്ചു. ഇതാണ് ഇവർ തമ്മിലുള്ള വൈരാഗ്യത്തിനും പിന്നീട് മർദനത്തിലും കലാശിച്ചത്.