പത്തനംതിട്ട : പത്തനംതിട്ടയില്‍ ഗര്‍ഭിണിയായ യുവതി മരിച്ച സംഭവത്തില്‍ ഭര്‍ത്താവിനെതിരെ മനുഷ്യാവകാശ കമ്മീഷന്‍ കേസ്സെടുത്തു. പതിനഞ്ച് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ജില്ലാ പോലീസ് മേധാവിക്ക് കമ്മീഷന്‍ നിര്‍ദേശം നല്‍കി. മരിച്ച അനിതയുടെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തിരുന്നു. ഇയാളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. ഗര്‍ഭിണിയായിരിക്കെ മതിയായ ചികിത്സയും പരിചരണവും ലഭിക്കാതെ യുവതി മരിച്ച സംഭവം ഗൗരവമുള്ളതാണെന്ന് മനുഷ്യാവകാശ കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി പറഞ്ഞു. പത്തനംതിട്ട കുഴിക്കാല സ്വദേശിയായ അനിത വയറ്റിലുണ്ടായ അണുബാധയെ തുടര്‍ന്ന് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ ജൂണ്‍ 28നാണ് മരണപ്പെട്ടത്.
ഭര്‍ത്താവ് ജ്യോതിഷ് അനിതയ്ക്ക് ഭ്രൂണഹത്യയ്ക്കുള്ള ചില ദ്രാവകങ്ങള്‍ നല്‍കിയിരുന്നതായി ബന്ധുക്കള്‍ ആരോപിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ ഈ ആരോപണം ശരിയാണെന്ന് കണ്ടെത്തി. മല്ലപ്പുഴശേരി കുഴിക്കാല കുറുന്താര്‍ സെറ്റില്‍മെന്റ് കോളനിയില്‍ അനിത (28) മരിച്ച കേസില്‍ ഭര്‍ത്താവ് കുറുന്താര്‍ ജ്യോതി നിവാസില്‍ എം. ജ്യോതിഷിനെ (31) പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സ്ത്രീധന പീഡനം നിരോധനം നിയമം, ജുവനൈല്‍ ജസ്റ്റിസ് ആക്ടുകള്‍ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഞായറാഴ്ചയാണ് ജ്യോതിഷിനെ അറസ്റ്റ് ചെയ്തത്. നിലവില്‍ ഇയാള്‍ കൊട്ടാരക്കര സബ്ജയില്‍ റിമാന്‍ഡിലാണ്.
ഗര്‍ഭസ്ഥ ശിശു വയറ്റില്‍ കിടന്ന് മരിച്ചിട്ടും നീക്കം ചെയ്യാതെ രണ്ടു മാസം ജീവിച്ച അനിത മരിച്ച സംഭവത്തില്‍ പുറത്തുവരുന്നത് ഭര്‍ത്താവിന്റെ ക്രൂരതകള്‍. ശ്വസിക്കുമ്പോള്‍ പോലും പഴുപ്പിന്റെ നാറ്റം ഉണ്ടായിരുന്നു. വയറ്റില്‍ കൊടിയ വേദന. എന്നിട്ടും അനിത ആരോടും പരാതിപ്പെട്ടില്ല. ഭര്‍ത്താവ് ജ്യോതിഷിന്റെ ഭീഷണിക്ക് മുന്നില്‍ ആ അമ്മ നിശ്ശബ്ദയായി. ജ്യോതിഷിനും അനിതയ്ക്കും ഒന്നര വയസ്സുള്ള ഒരു കുട്ടിയുണ്ട്. ഈ കുട്ടിക്ക് ജന്മനാല്‍ തന്നെ ഹൃദയത്തിനു തകരാറുണ്ടായിരുന്നു. വിദഗ്ധ ചികിത്സ നല്‍കണമെന്നു ഡോക്ടര്‍മാര്‍ ജ്യോതിഷിനോട് നിര്‍ദേശിച്ചെങ്കിലും അക്കാര്യം ഭാര്യയെപ്പോലും അറിയിക്കാതെ മറച്ചു വെച്ചതായി അനിതയുടെ വീട്ടുകാര്‍ പറയുന്നു. ഇപ്പോള്‍ രോഗം മൂര്‍ഛിച്ച് ആ കുട്ടിയും മരണത്തോടു മല്ലടിക്കുന്ന അവസ്ഥയിലാണ്.
ആരോഗ്യനില മോശമായതിനെ തുടര്‍ന്ന് തിരുവനന്തപുരം ശ്രീചിത്രയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് ആ കുരുന്നിനെ. ശസ്ത്രക്രിയയ്ക്ക് ഒന്നര ലക്ഷത്തോളം രൂപ വേണ്ടതിനാല്‍ അതിനുള്ള ഓട്ടത്തിലാണ് ബന്ധുക്കള്‍. കുട്ടി ജനിച്ചപ്പോള്‍ തന്നെ ആറുമാസത്തിനുള്ളില്‍ വിദഗ്ധ ചികിത്സ നല്‍കണമെന്നാണ് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഈ വിവരം അനിതയോടു പോലും മറച്ചു വച്ചുവെന്നാണ് ആക്ഷേപം.
ആദ്യ കുഞ്ഞ് ജനിച്ച് അധികം വൈകാതെ ഭാര്യ വീണ്ടും ഗര്‍ഭിണിയായത് പുറത്തറിയാതിരിക്കാനും ഗര്‍ഭം അലസിപ്പിക്കാനും വേണ്ടി ചില ദ്രാവകങ്ങള്‍ ജ്യോതിഷ് ഭാര്യയ്ക്ക് നല്‍കിയിരുന്നതായും ബന്ധുക്കള്‍ ആരോപിച്ചു. ഇതേ തുടര്‍ന്നാണ് യുവതിക്ക് വയറ്റില്‍ അണുബാധയുണ്ടായത്. വിദഗ്ധ ചികിത്സ നല്‍കണമെന്നു ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരുന്നെങ്കിലും യുവാവ് അനുസരിച്ചില്ല. 2 മാസത്തോളം കുഞ്ഞ് വയറ്റില്‍ കിടന്നതിനാല്‍ യുവതിക്കു ശരീരമാകെ അണുബാധയുണ്ടായി. ഭാര്യയെ ആശുപത്രിയില്‍ എത്തിച്ച ശേഷം യുവാവ് മുങ്ങി. ചികിത്സയ്ക്കായി പലരോടും പണം കടം വാങ്ങിയെങ്കിലും ആ പണം സ്വന്തം ആവശ്യത്തിനു വേണ്ടി ഉപയോഗിച്ചു. ജൂണ്‍ 28നാണ് അനിത മരിച്ചത്.
മൂന്ന് വര്‍ഷം മുന്‍പാണ് അനിതയും ജ്യോതിഷും വിവാഹം കഴിക്കുന്നത്. സ്‌നേഹിച്ചു വിവാഹം കഴിച്ച അനിതയുടെ വീട്ടില്‍ തന്നെയായിരുന്നു ജ്യോതിഷിന്റെ താമസം. ജോലിക്ക് പോകാതെ ഇയാള്‍ ഭാര്യയ്ക്ക് സ്ത്രീധനമായി ലഭിച്ച സ്വര്‍ണാഭരണങ്ങളും വാഹനവും വിറ്റാണ് ജീവിച്ചത്. ഭാര്യാ വീട്ടില്‍ താമസമാക്കിയ ഇയാള്‍ ജോലിക്ക് പോകാത്തതിനാല്‍ ഭാര്യയ്ക്കും കുട്ടിക്കും ജീവിതച്ചെലവിനു പോലും ഒന്നും നല്‍കാത്ത അവസ്ഥയായിരുന്നു. ആദ്യ പ്രസവത്തിനു ശേഷം പെട്ടെന്നു തന്നെ രണ്ടാമതും ഭാര്യ ഗര്‍ഭിണി ആയതോടെ ആ വിവരം ബന്ധുക്കളില്‍ നിന്ന് മറച്ചു വയ്ക്കുകയും ഗര്‍ഭസ്ഥശിശുവിനെ ഒഴിവാക്കുന്നതിനുമാണ് ജ്യോതിഷ് ശ്രമിച്ചത്.
ഭാര്യയ്ക്ക് വേണ്ട ചികിത്സയോ പരിചരണമോ നല്‍കാതായതോടെ കുഞ്ഞ് മരിച്ചു. അസ്വസ്ഥതകള്‍ ഉണ്ടായ ഭാര്യയെ ഇയാള്‍ ആശുപത്രിയില്‍ കൊണ്ടുപോയി. എന്നാല്‍ ഇതു നീക്കം ചെയ്യുന്നതിന് കൂടുതല്‍ സൗകര്യങ്ങളുള്ള ആശുപത്രിയിലേക്ക് ഡോക്ടര്‍ റഫര്‍ ചെയ്യുകയായിരുന്നു. പക്ഷേ ഇയാള്‍ അതിനു തയാറായില്ല. രണ്ട് മാസത്തോളം കുഞ്ഞ് വയറ്റില്‍ കിടന്നതുമൂലം യുവതിക്ക് ശരീരമാസകലം അണുബാധ ഉണ്ടായി.
വയറ്റില്‍ കുഞ്ഞുങ്ങള്‍ മരിച്ചു കിടക്കുകയാണെന്ന് അറിയിച്ചിട്ടും കൃത്യമായ ചികിത്സ നല്‍കാന്‍ ഭര്‍ത്താവ് തയ്യാറാവാതിരുന്നതാണ് അനിതയുടെ മരണത്തിന് കാരണം. ഗര്‍ഭിണിയായ യുവതിയും ഗര്‍ഭസ്ഥശിശുവും മരിക്കാനിടയാക്കിയ സംഭവത്തില്‍ ഇയാള്‍ പ്രതിയാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഭാര്യ വീട്ടില്‍ താമസിച്ച് അവരെ നിരന്തരം ഉപദ്രവിക്കുന്ന സ്വഭാവമായിരുന്നു ജ്യോതിഷിന്റേത്. ജ്യോതിഷിന് അഞ്ച് ലക്ഷം രൂപ വിലവരുന്ന കാറും വാങ്ങിനല്‍കി.
ആദ്യസമയത്ത് സ്വന്തമായി ഓട്ടം പോയിരുന്ന ഇയാള്‍ പിന്നീട് കാര്‍ കൊടുത്ത് സുഹൃത്തുക്കളെ പറഞ്ഞുവിടുകയായിരുന്നു പതിവ്. പിന്നീട് കാര്‍ പണയപ്പെടുത്തി 80,000 രൂപ സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് വാങ്ങി. ഇത് കേസാകുമെന്ന അവസ്ഥ വന്നതിനെ തുടര്‍ന്ന് അനിതയുടെ സഹോദരന്‍ സഹായിച്ചു. സ്വകാര്യ പണമിടപാട് സ്ഥാപനത്തില്‍നിന്ന് പണം തവണയ്ക്ക് എടുത്ത് നല്‍കി. പണം മാസംതോറും അടയ്ക്കണമെന്ന് പറഞ്ഞെങ്കിലും ജ്യോതിഷ് അതിനുകൂട്ടാക്കിയില്ല. പണം അടയ്ക്കാത്തതിനെ തുടര്‍ന്ന് വാഹനം സ്ഥാപനം പിടിച്ചെടുത്തു.
ഇതിനുശേഷമാണ് അനിതയ്‌ക്ക് ആദ്യകുട്ടിയുണ്ടാകുന്നത്. അന്നുമുതല്‍ ജോലിക്കൊന്നും പോകാതിരുന്ന ജ്യോതിഷ് ഭാര്യാവീട്ടുകാരുടെ ചെലവിലായിരുന്നു ജീവിതം നയിച്ചിരുന്നത്. അനിതയുടെ ഗര്‍ഭപാത്രത്തില്‍ കുട്ടി മരിച്ചഅവസ്ഥയിലാണെന്ന വിവരം മറച്ചുവെച്ച ഇയാള്‍ ഇതുപുറത്ത് പറയരുതെന്ന് അനിതയെയയും ഭീഷണിപ്പെടുത്തി. അനിതയുടെ ആരോഗ്യസ്ഥിതി വഷളായതിനെത്തുടര്‍ന്ന് അമ്മയും സഹോദരനും ചേര്‍ന്ന് ജില്ലാ ആശുപത്രിയിലും കോന്നി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചു. കോന്നിയില്‍നിന്നുള്ള നിര്‍ദേശപ്രകാരം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് എസ്.എ.ടി.ആശുപത്രിയിലും പ്രവേശിപ്പിച്ചു. അവിടെ നടത്തിയ ശസ്ത്രക്രിയയില്‍ ഗര്‍ഭസ്ഥശിശുവിന്റെ കാല്‍പ്പാദം മാത്രമേ കണ്ടെത്താന്‍ കഴിഞ്ഞുള്ളൂ എന്ന് ഡോക്ടര്‍ പറഞ്ഞതായി അനിതയുടെ അമ്മ ശ്യാമള പറഞ്ഞു.
അനിത രോഗബാധിതയായി ആശുപത്രിയില്‍ കിടക്കുന്ന സാഹചര്യം പറഞ്ഞ് വിദേശത്തുള്ള സുഹൃത്തുക്കളില്‍നിന്ന് പണം വാങ്ങിയെങ്കിലും അതൊന്നും അനിതയുടെ ചികിത്സയ്ക്ക് ചെലവാക്കിയില്ല. അനിതയുടെ മരണവിവരം ലഭിച്ചയുടന്‍ ആറന്മുള പോലീസ് നടത്തിയ ഇടപെടലാണ് ജ്യോതിഷിനെ നിയമത്തിന് മുന്നില്‍ എത്തിക്കാന്‍ സാധിച്ചതെന്നും അനിതയുടെ ബന്ധുക്കളും സമീപവാസികളും പറയുന്നു.