പാലാ: ബിരുദ വിദ്യാര്‍ത്ഥി അഞ്ജു പി ഷാജി ആത്മഹത്യ ചെയ്ത സംഭവത്തില്‍ എംജി സര്‍വകലാശാലയെയും വിസിയെ വെല്ലുവിളിച്ച് പാലാ രൂപത. ചേര്‍പ്പുങ്കലിലെ ബിഷപ്പ് വയലല്‍ മെമ്മോറിയല്‍ ഹോളിക്രോസ് കോളേജ് പ്രിന്‍സിപ്പലിനെ സംരക്ഷിച്ചും സര്‍വകലാശാല വിസിയെ വ്യക്തിപരമായി അധിക്ഷേപിച്ചുകൊണ്ടുമാണ് പാലാ രൂപത രംഗത്തെത്തിയിരിക്കുന്നത്.
വിദ്യാഭ്യാസത്തിന്റെ പ്രാഥമിക പാഠങ്ങള്‍ അറിയാവുന്നവര്‍ക്കും എം.ജി. സര്‍വകലാശാലയുടെ സ്റ്റാറ്റിയൂട്സ് അല്‍പമെങ്കിലും പരിചയമുള്ളവര്‍ക്കും പ്രിന്‍സിപ്പലിന്റെ പ്രവര്‍ത്തനത്തെ ശ്ലാഘിക്കാനല്ലാതെ കുറ്റപ്പെടുത്താന്‍ സാധിക്കില്ലെന്നാണ് രൂപതയുടെ നിലപാട്. എം.ജി. സര്‍വകലാശാലയുടെ സ്റ്റാറ്റിയൂട്സിലെ ഏതു നിയമമനുസരിച്ചാണ് സി.സി.ടിവി ദൃശ്യങ്ങള്‍ മാനേജ്മെന്റ് പുറത്തുവിടരുതെന്ന് വാദിക്കുന്നതെന്ന് രൂപത ചോദിക്കുന്നു. വേദനാജനകമാംവിധം തെറ്റിദ്ധരിപ്പിക്കപ്പെടുകയും ക്രൂരമാംവിധം വിമര്‍ശിക്കപ്പെടുകയും ചെയ്യുമ്പോള്‍ വസ്തുതകള്‍ വെളിവാക്കാന്‍ പ്രിന്‍സിപ്പല്‍ ദൃശ്യങ്ങള്‍ പ്രയോജനപ്പെടുത്തരുതെന്നാണോ സര്‍വകലാശാല ഉദ്ദേശിക്കുന്നതെന്നും പാലാ രൂപത പത്രക്കുറിപ്പില്‍ ചോദിച്ചു.
ആ കുട്ടിയെ അപമാനിതയാക്കാന്‍ പാടില്ല എന്നതുകൊണ്ടാണ് ഇന്‍വിജിലേറ്ററും പ്രിന്‍സിപ്പലും കുട്ടിയെ എഴുന്നേല്‍പ്പിക്കുകപോലും ചെയ്യാതെ ശാന്തവും സൗമ്യവുമായ രീതിയില്‍ സംസാരിച്ചത്. കുട്ടിയെ ഉടന്‍ വിളിച്ച് ഓഫീസില്‍ കൊണ്ടുപോയി അടുത്ത നടപടിക്രമങ്ങള്‍ സ്വീകരിക്കണമായിരുന്നു എന്ന വാദം കണ്ടു. ഇപ്പോള്‍ വൈസ് ചാന്‍സലര്‍ നടപ്പിലാക്കാന്‍ പോകുന്ന കൗണ്‍സിലിങ് കോളജിലെ പ്രമുഖയായ അധ്യാപിക വഴി നല്‍കിയതു കുട്ടിക്കു യാതൊരു മനോവിഷമവും ഉണ്ടാകാതിരിക്കാനാണ്. ഇതു സി.സി.ടിവിയില്‍ വ്യക്തമാണ്. അധ്യാപിക ആ ദൗത്യം കാര്യക്ഷമമായി നിര്‍വഹിക്കുകയും ചെയ്തു. അതിനാണ് കുട്ടിയെ കൂടുതല്‍ സമയം ഹാളിലിരുത്തിയെന്ന പഴി കേള്‍ക്കേണ്ടിവന്നത്.