കാസര്‍കോട് : പെരുമ്പളയിലെലെ അഞ്ജുശ്രീ പാര്‍വതിയുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പോലീസ്. എലിവിഷം അകത്ത് ചെന്നാണ് അഞ്ജുശ്രീയുടെ മരണമെന്ന രാസ പരിശോധനാ ഫലം ലഭിച്ചു. അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇത് സ്ഥിരീകരിച്ചു. പെണ്‍കുട്ടി ആത്മഹത്യ ചെയ്തതാണെന്ന് കാസര്‍കോട് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേന പറഞ്ഞു.ജനുവരി ഏഴിനാണ് 19 കാരിയായ അഞ്ജുശ്രീ മരിച്ചത്. കോഴിക്കോട് ഫോറന്‍സിക് ലാബില്‍ നടത്തിയ പരിശോധനയിലാണ് എലിവിഷം അകത്ത് ചെന്നാണ് മരണമെന്ന് സ്ഥിരീകരിച്ചത്. വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഞ്ജുശ്രീയുടെ ആത്മഹത്യാ കുറിപ്പും പോലീസ് കണ്ടെത്തിയിരുന്നു.
ഡിസംബർ 31ന് അടുക്കത്ത് ബയൽ അൽ റൊമാൻസിയ ഹോട്ടലിൽ നിന്ന് പാഴ്സലായി വാങ്ങിയ കുഴിമന്തി അഞ്ജുശ്രീ കഴിച്ചിരുന്നു. ഇത് കഴിച്ചതിനെ തുടർന്നുണ്ടായ ഭക്ഷ്യവിഷബാധ മൂലമാണ് മരണമെന്നാണ് ആദ്യം കരുതിയിരുന്നത്. കുഴിമന്തി, മയോണൈസ്, ഗ്രീൻചട്ണി, ചിക്കൻ 65 എന്നിവയാണ് കഴിച്ചതെന്നാണ് വിവരം. എന്നാൽ കുഴിമന്തിയല്ല മരണകാരണമെന്ന വിവരങ്ങൾ പുറത്തു വന്നതോടെ വലിയ ദുരൂഹതയാണ് ഈ വിഷയത്തിൽ ഉയരുന്നത്. അഞ്ജുശ്രീക്കൊപ്പം കുഴിമന്തി കഴിച്ച മറ്റാർക്കും പ്രശ്നമില്ലെന്നുള്ളതും വലിയ സംശയങ്ങളിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പോലീസ് വ്യക്തമാക്കി. അന്ന് പാഴ്സൽ വാങ്ങിയ കുഴിമന്തി അഞ്ജുശ്രീയെ കൂടാതെ അമ്മയും അനുജനും ബന്ധുവായ പെൺകുട്ടിയും കഴിച്ചിരുന്നു. പിറ്റേദിവസം രാവിലെ അഞ്ജുശ്രീക്കും ബന്ധുവായ പെൺകുട്ടിക്കും ഛർദ്ദിയും ക്ഷീണവുമുണ്ടാകുകയായിരുന്നു. അനുജന് തളർച്ചയും സംഭവിച്ചിരുന്നു. എന്നാൽ മറ്റുള്ളവർക്ക് പ്രശ്നങ്ങളൊന്നും ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. ഛർദ്ദിച്ച് അവശയായ അഞ്ജുശ്രീയെ കാസർകോട് ദേളിയിലുള്ള സ്വകാര്യ ആശുപത്രിയിൽ കാണിക്കുകയും പ്രാഥമിക ചികിത്സയ്ക്കുശേഷം വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു.