ചെന്നൈ: തമിഴ്‌നാട് ബിജെപി അധ്യക്ഷസ്ഥാനം ഒഴിയുമെന്ന് സ്ഥിരീകരിച്ച് കെ. അണ്ണാമലൈ. പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാനില്ലെന്ന് അണ്ണാമലൈ പറഞ്ഞു. പാർട്ടിയുടെ പുതിയ പ്രസിഡന്റിനെ സംയുക്തമായി തെരഞ്ഞെടുക്കുമെന്നും ആ സ്ഥാനത്തേക്കുള്ള മത്സരത്തിൽ താനില്ലെന്നും അണ്ണാമലൈ പറഞ്ഞു. സംസ്ഥാനത്ത് അടുത്ത വർഷം നിയമസഭാ തെരഞ്ഞെെടുപ്പ് നടക്കാനിരിക്കെയാണ് അണ്ണാമലൈ പുറത്തേക്ക് പോവുന്നത്. എഐഎഡിഎംകെയുടെ മുൻ നേതാക്കൾക്കെതിരായ അണ്ണാമലൈയുടെ പരാമർശങ്ങൾക്കു പിന്നാലെ അവർ ബിജെപിയുമായി വേർപിരിയുകയും ഇപ്പോൾ വീണ്ടും സഖ്യ ചർച്ചകൾ പുരോഗമിക്കുകയും ചെയ്യുന്നതിനിടെയാണ് സ്ഥാനമൊഴിയുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്.
അണ്ണാമലൈയോടുള്ള എതിർപ്പ് മൂലമായിരുന്നു എഐഎഡിഎംകെ നേരത്തെ സഖ്യം വിട്ടത്. ‘പാർട്ടിക്ക് ശോഭനമായ ഒരു ഭാവി ഉണ്ടാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ഈ പാർട്ടിയുടെ വളർച്ചയ്ക്കായി പലരും ജീവൻ നൽകിയിട്ടുണ്ട്. പാർട്ടിക്ക് എല്ലാവിധ ആശംസകളും നേരുന്നു. അടുത്ത അധ്യക്ഷ സ്ഥാനത്തേക്കുള്ള മത്സരത്തിന് ഞാനില്ല. ഒരു രാഷ്ട്രീയ ഊഹാപോഹങ്ങൾക്കും ഞാൻ മറുപടി നൽകില്ല’ എന്നും കോയമ്പത്തൂരിൽ മാധ്യമങ്ങളോട് സംസാരിക്കവെ അണ്ണാമലൈ പറഞ്ഞു.