തിരുവനന്തപുരം: കേന്ദ്രം എല്ലാം ചെയ്‌തെന്ന് അടിക്കടി സമരപന്തലിലെത്തി വീമ്പ് പറയുന്ന സുരേഷ് ഗോപി എംപിക്കെതിരെ സെക്രട്ടറിയേറ്റ് പടിക്കല്‍ സമരം ചെയ്യുന്ന ആശമാര്‍. കേന്ദ്രത്തില്‍ നിന്ന് പ്രഖ്യാപനം മാത്രം പോര ഉത്തരവ് വേണമെന്നും ആശമാര്‍ പറഞ്ഞു. സുരേഷ് ഗോപി ഇനി വരേണ്ടത് ഉത്തരവുമായിട്ടാകണം. അല്ലാതെ അദ്ദേഹം വരുന്നത് കൊണ്ട് ഒരു കാര്യവുമില്ലന്നും സമരക്കാര്‍ പറഞ്ഞു. വേതന വര്‍ധന ഉള്‍പ്പെടെ വിവിധ ആവശ്യങ്ങളുന്നയിച്ച് ആശ പ്രവര്‍ത്തകര്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തുന്ന രാപ്പകല്‍ സമരം ആരംഭിച്ചിട്ട് ഇന്നേക്ക് 33 ദിവസമായി.
ഇന്നലെ നാടും നഗരവും ഉത്സവലഹരിയില്‍ ആറാടിയപ്പോള്‍ പ്രതിഷേധ പൊങ്കാല ഇട്ട് ആശമാര്‍ സമരം കൂടുതല്‍ ശക്തമാക്കി. എന്നാല്‍ കേന്ദ്ര ധനമന്ത്രിയും മുഖ്യമന്ത്രിയുമായുള്ള കൂടികാഴ്ചയില്‍ ആശാമാരുടെ പ്രശ്നം വരാത്തതിന്റെ നിരാശയിലും അതൃപ്തി സമരക്കാര്‍ക്കുണ്ട്. ഫണ്ട് അനുവദിച്ചതിനെ ചൊല്ലി കേന്ദ്രവും കേരളവും തമ്മിലെ തര്‍ക്കം ഉടന്‍ തീര്‍ത്ത് പ്രശ്നപരിഹാരം ഉണ്ടാക്കണമെന്നാണ് ആശമാരുടെ ആവശ്യം. തിങ്കാളാഴ്ച സെക്രട്ടറിയേറ്റ് ഉപരോധം പ്രഖ്യാപിച്ച് സമരം കടുപ്പിക്കാനാണ് ആശമാരുടെ നീക്കം.