കോട്ടയം : വളരുംതോറും പിളരുമെന്നും ..പിളരുംതോറും വളരുമെന്ന മാണി സിദ്ധാന്തം ഒരിക്കല്‍ക്കൂടി പരീക്ഷിക്കപ്പെടുന്നു. കേരളാ കോണ്‍ഗ്രസ് ജേക്കബ് ഗ്രൂപ്പിനെ വിഴുങ്ങി തന്റെ ശക്തി തെളിയിക്കുവാനുള്ള നീക്കം പരാജയപ്പെട്ടെങ്കിലും തന്ത്രശാലിയായ പി.ജെ ജോസഫ് വെറുതെയിരുന്നില്ല. നല്ല ഒത്തൊരുമയില്‍ സന്തോഷത്തോടെ പോയ ജോണി നെല്ലൂരിനെയും അനൂപ് ജേക്കബിനെയും തമ്മിലടിപ്പിച്ച് ജേക്കബ് ഗ്രൂപ്പിനെ പിളര്‍ത്തി ഒരു ഭാഗം തന്റെ കക്ഷത്തിലാക്കുവാനുള്ള ജോസഫ് അച്ചായന്റെ കുടില തന്ത്രം വിജയിക്കുകയാണ്. മൊത്തം കിട്ടിയില്ലെങ്കിലും സാരമില്ല ഉള്ളത് പോരട്ടെ. തന്റെ കീഴില്‍ ഒതുക്കി ഇട്ടാല്‍ നാളെകളില്‍ അതിന്റെ ഗുണമുണ്ടാകുമെന്ന് അച്ചായന് നല്ലതുപോലെ അറിയാം. രാഷ്ട്രീയ ചാണക്യനായ കെ.എം മാണിയുമായി പടവെട്ടിയ പരിചയസമ്പത്ത് അത്ര ചെറുതല്ല. എന്തായാലും പി.ജെ ജോസഫിന്റെ കുഴിയില്‍ ജേക്കബ് ഗ്രൂപ്പ് വീണുകഴിഞ്ഞു. ഇനിയും തിരികെ കയറിവന്നാലും ഭേദമാകാത്ത ചില പരിക്കുകള്‍ എന്നും ഉണ്ടാകും.
കെ.എം.മാണി ഉണ്ടാക്കിയ കേരളാ കോണ്‍ഗ്രസ് മാണി ഗ്രൂപ്പിനെ വിഴുങ്ങിയ പി.ജെ ജോസഫിന് ജേക്കബ് ഗ്രൂപ്പിനെ വിഴുങ്ങുന്നത് അത്ര ബുദ്ധിമുട്ടുള്ള കാര്യമല്ല. അതാണ് ഇവിടെ കണ്ടതും. മാണി കോണ്‍ഗ്രസ് എന്ന മാണിയുടെ തറവാട്ടു വീട്ടില്‍ കയറിപ്പറ്റി അവിടെനിന്നും മാണിയുടെ മകനായ ജോസ്.കെ മാണിയെ പുകച്ചു പുറത്തു ചാടിക്കാന്‍ മെനഞ്ഞ തന്ത്രം ജേക്കബ് ഗ്രൂപ്പിലും പയറ്റുന്നു. ടി.എം ജേക്കബ് നട്ടു വളര്‍ത്തി വലുതാക്കിയ ജേക്കബ് ഗ്രൂപ്പില്‍ നിന്നും മകനായ അനൂപ് ജേക്കബിനെ പുകച്ചു പുറത്തു ചാടിക്കുവാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. രണ്ടു മക്കള്‍ ഗ്രൂപ്പുകാരും ഒന്നായിനിന്ന് പടപൊരുതാന്‍ ഇറങ്ങിയാല്‍ ഒരുപക്ഷെ അത് ചരിത്രനിയോഗമായിരിക്കും. കാത്തിരുന്നു കാണാം…പിളരുന്തോറും വളരുന്ന കേരളാ കോണ്‍ഗ്രസിന്റെ നീക്കങ്ങള്‍.
ചെയർമാൻ ജോണി നെല്ലൂരുമായുള്ള ഭിന്നത രൂക്ഷമായിരിക്കെ കേരളാ കോൺഗ്രസ് ജേക്കബ് വിഭാഗം പാർട്ടി ലീഡർ അനൂപ് ജേക്കബ് വിളിച്ച യോഗം ഇന്ന് കോട്ടയത്ത് ചേരും. രാവിലെ ജേക്കബ് വിഭാഗം സംസ്ഥാന കമ്മിറ്റി ഓഫീസിലാണ് യോഗം ചേരുക. യോഗം നിയമവിരുദ്ധമാണെന്ന് ചെയര്‍മാന്‍ ജോണി നെല്ലൂർ അറിയിച്ചിട്ടുണ്ട്. 21 ന് ജോണി നെല്ലൂരും പ്രത്യേക യോഗം വിളിച്ചിരിക്കെ ജേക്കബ് വിഭാഗം പിളർപ്പിന്റെ വക്കിലാണ്
ജോസഫ് ഗ്രൂപ്പുമായുള്ള ലയനത്തോട് ആദ്യം താല്പര്യം കാണിച്ച അനൂപ് ജേക്കബ് പിന്നീട് പിൻവാങ്ങിയതോടെയാണ് നേതാക്കള്‍ തമ്മിലുള്ള ഭിന്നത ശക്തമായത്. ജോസഫ് ഗ്രൂപ്പുമായുള്ള ലയന നീക്കവുമായി മുന്നോട്ടു പോകാനാണ് ജോണി നെല്ലൂരിന്റെ തീരുമാനം. ഇരുവരും യോഗം വിളിച്ച് പരമാവധി ആളുകളെ കൂടെ നിര്‍ത്താനാണ് ശ്രമിക്കുന്നത്. ലയനം പാര്‍ട്ടിയുടെ ഭൂരിപക്ഷ തീരുമാനമെന്നാണ് ജോണി നെല്ലൂരിന്റെ വാദം.
ലയനത്തെ എതിര്‍ക്കുന്നവരുടെ യോഗം വിളിച്ച അനൂപ് ജേക്കബിന്റെ ലക്ഷ്യം ശക്തിതെളിയിക്കലാണ്. യോഗവുമായി മുന്നോട്ടു പോകുമെന്നും ചെയര്‍മാന്‍ ജോണി നെല്ലൂരിന്റെ അറിവോടെയാണ് യോഗം വിളിച്ചതെന്നും അനൂപ് ജേക്കബ് വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം ജോണിനെല്ലൂരിന്റെ ലയന നീക്കത്തിന് പിന്തുണയുമായി ജേക്കബ് വിഭാഗം എറണാകുളം ജില്ലാ കമ്മിറ്റി പരസ്യമായി രംഗത്തു വന്നിട്ടുണ്ട്. കൂടുതല്‍ ജില്ലാ കമ്മിറ്റികള്‍ വരും ദിവസങ്ങളില്‍ നിലപാട് വ്യക്തമാക്കുമെന്നാണ് പ്രതീക്ഷ.