ശിവഗംഗ : തമിഴ്‌നാട്ടിൽ വീണ്ടും കസ്റ്റഡി മരണം. ശിവഗംഗയിൽ മോഷണക്കേസിൽ കസ്റ്റഡിയിലെടുത്ത 27 വയസ്സുകാരൻ ബി അജിത് കുമാർ ആണ് തിരുപ്പുവനം പോലീസ് സ്റ്റേഷനിൽ വെച്ച് മരിച്ചത്. സംഭവത്തിൽ ആറ് പോലീസുകാരെ സസ്പെൻഡ് ചെയ്തു. ശിവഗംഗ മടപ്പുറം കാളിയമ്മൻ ക്ഷേത്രത്തിലെ കരാർ ജീവനക്കാരനായിരുന്നു അജിത് കുമാർ. മധുര സ്വദേശിയായ നികിത എന്ന സ്ത്രീയുടെ പരാതിയെ തുടർന്നാണ് അജിത് ഉൾപ്പെടെ അഞ്ച് ക്ഷേത്രജീവനക്കാരെ വെള്ളിയാഴ്ച പോലീസ് ചോദ്യം ചെയ്യാനായി വിളിപ്പിച്ചത്.
അമ്മയ്‌ക്കൊപ്പം ക്ഷേത്രദർശനത്തിന് എത്തിയപ്പോൾ കാറിൻ്റെ താക്കോൽ അജിത്തിനെ ഏൽപ്പിച്ചെന്നും മടങ്ങിയെത്തിയപ്പോൾ ബാഗിലുണ്ടായിരുന്ന ഒൻപതര പവൻ സ്വർണാഭരണങ്ങൾ നഷ്ടമായെന്നും നികിത പരാതിയിൽ പറഞ്ഞിരുന്നു. മോഷണവുമായി തനിക്ക് ബന്ധമില്ലെന്ന് അജിത് പോലീസിന് മൊഴി നൽകിയിരുന്നു. ഇന്നലെ ഉച്ചയോടെ അജിത്തിനെ പോലീസ് സംഘം വീണ്ടും കസ്റ്റഡിയിലെടുത്തു. പോലീസ് വാനിൽ വെച്ച് അജിത്തിനെ ക്രൂരമായി മർദ്ദിച്ചെന്നും സ്റ്റേഷനിലെത്തും മുൻപ് മരണം സംഭവിച്ചെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മൃതദേഹം രാജാജി സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് പോലീസ് സ്റ്റേഷന് മുന്നിൽ നാട്ടുകാരുടെ വലിയ പ്രതിഷേധമുണ്ടായി.