കോഴിക്കോട്: എഴുത്തുകാരനും സാംസ്കാരിക പ്രവർത്തകനുമായ സിവിക് ചന്ദ്രനെതിരെ വീണ്ടും കേസ്. കോഴിക്കോട് സ്വദേശിയായ യുവ എഴുത്തുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി.
അതേസമയം ആദ്യ പരാതിയെ തുടർന്നെടുത്ത കേസിൽ സിവിക് ചന്ദ്രൻ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോഴിക്കോട് ജില്ലാ കോടതി ഇന്ന് വിധി പറയും. വിശദമായ വാദം കേൾക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം പരിഗണിച്ച് കഴിഞ്ഞ ദിവസം മുഖൂർ ജാമ്യാപേക്ഷയിൽ വാദം കേൾക്കുന്നത് കോടതി ഇന്നത്തേക്ക് മാറ്റിയിരുന്നു. മുൻകൂർ ജാമ്യാപേക്ഷയിൽ തീരുമാനമാകും വരെ സിവികിനെ അറസ്റ്റ് ചെയ്യുന്നത് കോടതി തടഞ്ഞിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് സിവിക് ചന്ദ്രനെതിരെ കൊയിലാണ്ടി പോലീസ് ആദ്യ പരാതിയില്‍ കേസെടുത്തത്. പീഡനം, സ്ത്രീത്വത്തെ അപമാനിക്കല്‍ തുടങ്ങിയ വകുപ്പുകളാണ് സിവിക് ചന്ദ്രനെതിരെ അന്ന് ചുമത്തിയത്. കേസെടുത്തതിന് പിന്നാലെ സിവിക് ഒളിവില്‍ പോയിരിക്കുകയാണെന്നാണ് അന്വേഷണസംഘത്തിന്റെ നിഗമനം. സിവിക് ഉപയോഗിച്ച് കൊണ്ടിരുന്ന മൊബൈല്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫാണെന്നും വെസ്റ്റ് ഹില്ലിലെ വീട്ടില്‍ അദ്ദേഹമില്ലെന്നും അന്വേഷണസംഘം കഴിഞ്ഞദിവസം പറഞ്ഞിരുന്നു. പരാതിക്കാരിയുടെ വിശദമായ മൊഴി വടകര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.