പത്തനംതിട്ട : വായ്പക്കാരന്‍ അറിയാതെ അയാളുടെ പേരില്‍ മറ്റൊരു വായ്പ. കേരളാ ബാങ്ക് കുമ്പഴ ശാഖയിലാണ് സംഭവം. മറ്റൊരു ബാങ്കിലെ ലോണിനു വേണ്ടി സിബല്‍ റിപ്പോര്‍ട്ട് എടുത്തപ്പോഴാണ് കേരളാ ബാങ്കില്‍ മറ്റൊരു ലോണ്‍ കുടിശ്ശികയായി കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടത്. 2022 മേയ് 4 നാണ് കുമ്പഴ സ്വദേശിയായ വ്യാപാരി കേരളാ ബാങ്ക് കുമ്പഴ ശാഖയില്‍ നിന്നും 4 ലക്ഷം രൂപ ബിസിനസ് ലോണ്‍ എടുത്തത്. 9 ശതമാനം പലിശ നിരക്കില്‍ 60 തവണയായി ലോണ്‍ തിരിച്ചടക്കണം എന്നതായിരുന്നു വ്യവസ്ഥ. 8303/ രൂപയായിരുന്നു മാസതവണ. പതിനായിരം രൂപ വീതം തവണ അടച്ചുകൊണ്ടിരുന്ന ഇദ്ദേഹത്തിന് നിലവില്‍ ബാങ്കില്‍ കുടിശ്ശിക ഒന്നുമില്ലെന്നു മാത്രമല്ല വായ്പത്തുകയുടെ തവണ അഡ്വാന്‍സായി അടച്ചിട്ടുമുണ്ട്.
എന്നാല്‍ സിബല്‍ റിപ്പോര്‍ട്ടില്‍ ഇതേ തീയതിയില്‍ (2022 മേയ് 4) ഇയാള്‍ 4 ലക്ഷം രൂപ കോമേഷ്യല്‍ വാഹനം എടുക്കുവാന്‍ ഇതേ ബ്രാഞ്ചില്‍ നിന്നും മറ്റൊരു ലോണ്‍ എടുത്തിട്ടുണ്ട് എന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. ഈ വായ്പയില്‍ 3,80,159 രൂപ ഇനിയും തിരിച്ചടക്കാനും ഉണ്ട്. 30/11/2022 ല്‍ കേരളാ ബാങ്ക് ഇത് സിബലിന് റിപ്പോര്‍ട്ട് ചെയ്യുകയും ഈ വായ്പ കുടിശ്ശികയായി സിബല്‍ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഇങ്ങനെ ഒരു വായ്പ എടുത്തിട്ടില്ലെന്നും താന്‍ ജീവിതത്തില്‍ ഇന്നുവരെ കോമേഷ്യല്‍ വാഹനം ലോണ്‍ ആയോ അല്ലാതെയോ വാങ്ങിയിട്ടില്ലെന്നും കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട മുനിസിപ്പല്‍ യൂണിറ്റ് വൈസ് പ്രസിഡന്റ് കൂടിയായ പ്രകാശ് പറയുന്നു.
ബാങ്കില്‍ ചെന്ന് ഈ വിവരം പറഞ്ഞപ്പോള്‍ ആദ്യമൊന്നും അംഗീകരിക്കുവാന്‍ അവര്‍ തയ്യാറായില്ല. എന്നാല്‍ നിലപാട് കര്‍ശനമാക്കിയപ്പോള്‍ വീണ്ടും സിബല്‍ റിപ്പോര്‍ട്ട് എടുക്കാമെന്നും പരിശോധിക്കാമെന്നുമായി. ഇതനുസരിച്ച് കേരളാ ബാങ്കിന്റെ ചുമതലയില്‍ സിബല്‍ റിപ്പോര്‍ട്ട് എടുത്ത് പരിശോധിച്ചപ്പോള്‍ മാത്രമാണ് ബാങ്ക് ജീവനക്കാര്‍ സത്യം അംഗീകരിക്കുവാന്‍ തയ്യാറായത്. ഇങ്ങനെ ഒരു വായ്പയോ കുടിശ്ശികയോ ഇല്ലെന്നുള്ള കത്ത് ആവശ്യപ്പെട്ടപ്പോഴും തികഞ്ഞ അലംഭാവമായിരുന്നു മാനേജരുടെ ഭാഗത്തുനിന്നും ഉണ്ടായതെന്നും ഭീഷണിയോടെയായിരുന്നു ഇദ്ദേഹത്തിന്റെ സംസാരമെന്നും കഴിഞ്ഞ 38 വര്‍ഷമായി കുമ്പഴയില്‍ വ്യാപാര രംഗത്ത് സജീവമായ പ്രകാശ് പറഞ്ഞു.
തെറ്റായ ഈ വായ്പയുടെ വിശദാംശങ്ങള്‍ സിബല്‍ റിപ്പോര്‍ട്ടില്‍ നിന്നും നീക്കം ചെയ്യുന്നതിന് ബാങ്കില്‍ പ്രത്യേക അപേക്ഷ നല്‍കിയെങ്കിലും ഇതുവരെയും ബാങ്ക് നടപടി സ്വീകരിച്ചിട്ടില്ല. തന്റെ പേരില്‍ രേഖപ്പെടുത്തിയതുപോലെ മറ്റു പലരുടെയും പേരില്‍ ഇവിടെ വ്യാജ ലോണുകള്‍ കാണുവാന്‍ സാധ്യതയുണ്ടെന്നും സിബല്‍ റിപ്പോര്‍ട്ട് പരിശോധിച്ചാല്‍ മാത്രമേ ഇത് കണ്ടുപിടിക്കാന്‍ കഴിയൂ എന്നും തനിക്കുണ്ടായ ബുദ്ധിമുട്ടിനെതിരെ ഉന്നത തലത്തില്‍ പരാതി നല്‍കുമെന്നും നിയമനടപടിയുമായി മുമ്പോട്ടുപോകുമെന്നും പ്രകാശ് പറഞ്ഞു.