തിരുവനന്തപുരം : കൊച്ചിയിൽ വാഹന അപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിൻ്റെ മൃതദേഹം ആറ്റിങ്ങൽ ആലംങ്കോട് ജുമാ മസ്ജിദ്ദിൽ കബറിസ്ഥാനിൽ സംസ്കരിച്ചു. ഇന്ന് രാവിലെ കൊച്ചിയിൽ നിന്നും ആലംങ്കോട്ടെ വീട്ടിലെത്തിച്ച മൃതദേഹത്തിൽ നാട്ടുകാരും സുഹൃത്തുക്കളും ഉൾപ്പെടെ നിരവധിപ്പേർ അന്ത്യാജ്ഞലി അർപ്പിച്ചു. അൻസിയുടെ ആകസ്മികമായ മരണത്തെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച അമ്മ റസിയ ഇപ്പോഴും ആശുപത്രിയിലാണ്.
ആലംങ്കോട് ഗ്രാമത്തിലെ മിടുക്കിയായ പെണ്‍കുട്ടി. പഠനത്തില്‍ മിടുക്കി, സ്വപ്നങ്ങളെ പിന്തുടർന്നുള്ള യാത്ര വിജയകരമായി മുന്നേറുന്നതിനിടെയാണ് മരണം അൻസിയയെ തട്ടിയെടുത്തത്. കൊച്ചിയിൽ നിന്നും മൃതദേഹം ആലങ്കോട്ടെ അൻസി കോട്ടേജ് എന്ന വീട്ടിലേക്ക് എത്തിച്ചപ്പോൾ ഹൃദയഭേദകമായിരുന്നു കാഴ്ചകൾ. കൊച്ചിയിൽ നിന്നും മകളുടെ മൃതദേഹം വീട്ടിൽ എത്തിച്ച ശേഷമാണ് അച്ഛൻ കബീർ ഖത്തറിൽ നിന്നും എത്തിയത്. ഏകമകളുടെ മൃതദേഹം കണ്ട് തകർന്ന കബീറിനെ ആശ്വാസിപ്പിക്കാൻ ആർക്കും സാധിച്ചില്ല.
മകളുടെ പെട്ടെന്നുള്ള വേർപാട് താങ്ങനാകാതെ ആതമഹത്യക്ക് ശ്രമിച്ച അമ്മ റസിയക്ക് പക്ഷേ മകളെ അവസാനമായി കാണാനായില്ല. സ്വകാര്യ ആശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുകയാണ് റസിയ ഇപ്പോഴും. നാട്ടുകാരും സുഹൃത്തുക്കളും അൻസിയ്ക്ക് അന്ത്യാജ്ഞലി അർപ്പിച്ചു. പിന്നീട് സംസ്കാരത്തിനായി ആലങ്കോട് ജുമാമസ്ജിദ് കബറിസ്ഥാനിലേക്ക് മൃതേദഹം കൊണ്ടുപോയി. തൻ്റെ സ്വപ്നങ്ങളെ പിന്തുടരുകയും 24 വയസ്സിനുള്ളിൽ അവയിൽ പലതും സാധ്യമാക്കുകയും ചെയ്ത അൻസി നിത്യനിദ്രയിലേക്ക് മടങ്ങുമ്പോൾ ആ വേർപാട് ഉൾക്കൊള്ളാനാവാതെ നിൽക്കുകയാണ് ബന്ധുക്കളും നാട്ടുകാരും.
ടെക്നോപാർക്കിലെ ഇൻഫോസിസിൽ ജീവനക്കാരിയായിരുന്ന അൻസി കഴിഞ്ഞ ആഴ്ചയാണ് പാലക്കോണത്തെ വീട്ടിൽ അവസാനമായി എത്തിയത്. വർഷങ്ങളായി മോഡലിംഗ് രംഗത്ത് സജീവമാണ് തിരുവനന്തപുരം സ്വദേശിനിയായ അൻസിയും തൃശ്ശൂർ സ്വദേശിനിയായ അഞ്ജനയും. അൻസിക്കൊപ്പം നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട് ആയുർവേദ ഡോക്ടർകൂടിയായ അഞ്ജന. 2019ലെ മിസ് കേരള മത്സരത്തിൽ അൻസി ഒന്നാം സ്ഥാനവും അഞജന രണ്ടാം സ്ഥാനവും നേടി. 2021ലെ മിസ് സൗത്ത് ഇന്ത്യ ആയും അൻസി തെരഞ്ഞെടുക്കപ്പെട്ടിരുന്നു.