കോഴിക്കോട് : 2020 ഏപ്രിലില്‍ പരീക്ഷ എഴുതിയ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ഥികളുടെ ഉത്തരക്കടലാസ് നഷ്ടപ്പെട്ടത് സ്ഥിരീകരിച്ച് കാലിക്കറ്റ് യൂണിവേഴ്സിറ്റി. ഉത്തരക്കടലാസ് കാണാതായ വിദ്യാര്‍ഥികള്‍ക്കായി വീണ്ടും പരീക്ഷ നടത്താന്‍ തീരുമാനിച്ചു. ബി എ അഫ്ദല്‍ ഉലമ ഉള്‍പ്പെടയുള്ള പരീക്ഷയാണ് വീണ്ടും നടത്തുന്നത്. ഉത്തരക്കടലാസ് നഷ്ടപ്പെട്ടെന്ന വാര്‍ത്ത മാധ്യമങ്ങൾ പുറത്ത് വിട്ടിരുന്നു.
ഫെബ്രുവരിയില്‍ ഈ വാര്‍ത്ത പുറത്തുവിടുമ്പോള്‍ വാര്‍ത്തയെ പൂര്‍ണമായി നിഷേധിക്കുകയായിരുന്നു യൂണിവേഴ്സിറ്റി അധികൃതര്‍. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ യൂനിവേഴ്സിറ്റി അധികൃര്‍ പുറത്തിറക്കിയ ഉത്തരവുകളില്‍ ബി എ അഫ്ദലുല്‍ ഉലമ രണ്ടാ സെമസ്റ്റര്‍ പരീക്ഷ എഴുതിയ 60 വിദ്യാര്‍ഥികളുടെ ഉത്തരപേപ്പര്‍ കാണാനില്ലെന്നും അതിനാല്‍ അവര്‍ക്കായി വീണ്ടും പരീക്ഷ നടത്തണമെന്നും പറയുന്നു.
ബി എ പരീക്ഷ എഴുതിയ മറ്റു 23 പേരുടെ ഉത്തരപേപ്പറും കാണാതായതായും യൂണിവേഴ്സിറ്റി സമ്മതിക്കുന്നുണ്ട്. അവര്‍ക്കായും പുതിയ പരീക്ഷ നടത്തും. ഉത്തരപേപ്പര്‍ കാണാതായ കൂടുതല്‍ കേസുകള്‍ യൂണിവേഴ്സിറ്റി കണ്ടെത്തിയെന്നാണ് ലഭിക്കുന്ന സൂചന. ഉത്തര പേപ്പര്‍ കാണാതായ റിപ്പോര്‍ട്ട് വന്നതിനെക്കുറിച്ച് അന്വേഷിക്കാന്‍ സിന്‍ഡിക്കേറ്റ് ഉപസമിതിയെ നിയോഗിച്ചെങ്കിലും ഇതുവരെ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. വീഴ്ച ഔദ്യോഗികമായി സ്ഥിരീകരിക്കുകയും കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടുമില്ല.