ന്യൂഡൽഹി : ജന്തർമന്ദറിൽ നടന്ന പ്രതിഷേധത്തിനിടെ മുസ്ലിം വിരുദ്ധ മുദ്രാവാക്യം ഉയർന്ന സംഭവത്തിൽ ബിജെപി നേതാവും സുപ്രീംകോടതി അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയെ ഡൽഹി പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ മറ്റു മൂന്ന് പേരും പോലീസ് കസ്റ്റഡിയിലുണ്ട്. കേസിൽ തിരിച്ചറിഞ്ഞ ഒരാൾ അശ്വിനി ഉപാധ്യായയാണ്. ഇയാളെ ചോദ്യം ചെയ്യാൻ വിളിപ്പിച്ചിട്ടുണ്ടെന്നും കഴിഞ്ഞ ദിവസം പോലീസ് അറിയിച്ചിരുന്നു.
ചൊവ്വാഴ്ച പുലർച്ചയോടെയാണ് അശ്വിനി ഉപാധ്യായ കൊണാട്ട്പ്ലേസ് പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്യലിനായി ഹാജരായാത്. തുടർന്നാണ് കസ്റ്റഡിയിലെടുത്തത്. മറ്റു പ്രതികൾക്കായി തെരച്ചിൽ നടത്തിവരികയാണെന്നും ഡൽഹി പോലീസ് അറിയിച്ചു. സംഭവം നിയമപരമായി കൈകാര്യം ചെയ്യും. വർഗീയത പ്രചരിപ്പിക്കുന്നത് വെച്ചുപൊറുപ്പിക്കില്ലെന്നും ഡൽഹി പോലീസ് വ്യക്തമാക്കി.
ജന്തർമന്ദറിൽ ഞായറാഴ്ച ഭാരത് ഛോഡോ ആന്ദോളൻ സംഘടിപ്പിച്ച പരിപാടിക്കിടയിലായിരുന്നു മുസ്ലിം വിരുദ്ധ മുദ്രാവാക്യം. ഇത് സാമൂഹികമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തു. സംഭവ സമയത്ത് പോലീസ് സ്ഥലത്തുണ്ടായിരുന്നില്ല. കോവിഡിനെ തുടർന്ന് ആൾക്കൂട്ട പ്രതിഷേധത്തിന് അനുമതി നിഷേധിച്ചിരുന്നെങ്കിലും ഇത് ലംഘിച്ചാണ് ഇവിടെ പ്രതിഷേധം നടന്നതെന്ന് ഡൽഹി പോലീസ് വിശദീകരിച്ചു. വർഗീയ വിദ്വേഷ പ്രസംഗങ്ങളിലൂടെ കുപ്രസിദ്ധി നേടിയ നരംസിംഹാനന്ദ് സരസ്വതിയുടെ സാന്നിധ്യത്തിലാണ് മുദ്രാവാക്യങ്ങൾ മുഴങ്ങിയത്. ടെലിവിഷൻ താരവും ബിജെപി നേതാവുമായ ഗജേന്ദ്ര ചൗഹാനും പ്രതിഷേധത്തിന്റെ ഭാഗമായിരുന്നു.