റാന്നി: പ്ലാസ്റ്റിക്കും മത്സ്യ, മാംസാവശിഷ്ടം അടക്കമുള്ള മാലിന്യങ്ങള്‍ പൊതുവഴിയില്‍ തള്ളി സാമൂഹ്യവിരുദ്ധര്‍. ദുര്‍ഗന്ധം മൂലം വഴി നടക്കാനാവാതെ പൊതുജനം. പുനലൂര്‍-മൂവാറ്റുപുഴ സംസ്ഥാന പാതയിലെ പൊന്തൻപുഴ സംരക്ഷിത വനം മേഖലയിലാണ് രാത്രിയും പകലും ഒരു പോലെ മാലിന്യം നിക്ഷേപിക്കാൻ ഉള്ള കേന്ദ്രമാക്കി മാറ്റിയിരിക്കുന്നത്. ജില്ലാ അതിര്‍ത്തി കഴിയുമ്പോളെ മൂക്കു പൊത്തിപിടിച്ചു മാത്രമെ ഇതു വഴി സഞ്ചരിക്കുവാന്‍ ആവുകയുള്ളു. വ്യാപാര സ്ഥാപനങ്ങളിലെ മാലിന്യവും വീടുകളിലെ മാലിന്യവും കൂടാതെ കക്കൂസ് മാലിന്യവും ഇവിടെ തള്ളുകയാണ്. മണിമല പഞ്ചായത്തിന്‍റെ അതിര്‍ത്തിയിലാണ് മാലിന്യം തള്ളല്‍ കൂടുതലായുള്ളത്. വിളിപ്പാടകലെ പ്ലാച്ചേരി വനം സ്റ്റേഷന്‍ ഉണ്ട്. എന്നിട്ടും ഇത്ര രൂക്ഷമായി മാലിന്യം തള്ളാന്‍ സമൂഹ്യവിരുദ്ധര്‍ ശ്രമിക്കുന്നത് നിയമ വ്യവസ്ഥയോടുള്ള വെല്ലുവിളിയായിട്ടെ കാണാന്‍ കഴിയു.
മുമ്പ് ഇവിടെ കക്കൂസ് മാലിന്യം തള്ളിയതു മൂലം പ്രദേശത്തെ ജനങ്ങള്‍ ആശ്രയിച്ചിരുന്ന കുടിവെള്ള പദ്ധതി പോലും ഉപേക്ഷിക്കേണ്ട അവസ്ഥയുണ്ടായിരുന്നു. ഈ വിഷയത്തില്‍ കൃത്യമായ നിലപാട് അധികൃതര്‍ എടുത്തിരുന്നെങ്കില്‍ മാലിന്യം തള്ളല്‍ ഇത്രയും രൂക്ഷം ആവുകയില്ലായിരുന്നു. പ്ലാസ്റ്റിക് വലിച്ചെറിയൽ നടത്തുന്നതിനെതിരെ ക്യാമ്പയിനും പരിസ്ഥിതി ദിനത്തിൽ ചെടി വെച്ചു പരിസ്ഥിതിയെ സംരക്ഷിക്കുന്ന നാടകത്തിന്റെ ഇടയിലും ഇതു കാണാതെ പോകരുതെന്നും ആക്ഷേപമുണ്ട്. മാലിന്യം തള്ളല്‍ തടയാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ ഇടപെട്ട് സ്ഥലത്ത് ക്യാമറ സ്ഥാപിക്കുകയും മാലിന്യത്തിന്‍റെ ഉറവിടം കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്ന ആവശ്യം ശക്തമാണ്.