പത്തനംതിട്ട : കോവിഡിന്റെ മറവില്‍ സ്വകാര്യ ലാബുകളും ആശുപത്രികളും നടത്തുന്നത് തീവെട്ടിക്കൊള്ള. കോവിഡിന്റെ പ്രാഥമിക പരിശോധനയായ ആന്റിജന്‍ ടെസ്റ്റിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്ക് 625 രൂപയാണ്.
ചില സ്വകാര്യ ലാബുകള്‍ ഈ നിരക്കാണ് വാങ്ങുന്നത്. എന്നാല്‍ സ്വകാര്യ ആശുപത്രികളില്‍ ഇതിന് വാങ്ങുന്നത് 900 രൂപയാണ്. ഇത് രണ്ടു ബില്ലായിട്ടാണ് നല്‍കുക. ഒരു ബില്ലില്‍ ആന്റിജന്‍ ടെസ്റ്റിന് സര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള നിരക്കായ 625 രൂപയും അടുത്ത ബില്ലില്‍ 275 രൂപയും. ഇതാകട്ടെ ആന്റിജന്‍ ടെസ്റ്റ് നടത്താന്‍ ഉപയോഗിച്ച ഡിസ്പോസിബിള്‍ സാധനങ്ങളുടെ വിലയെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതായത് പി.പി കിറ്റിന്റെ വില. ജനങ്ങളുടെ കോവിഡ് ഭീതിയെ ശരിക്കും മുതലെടുക്കുകയാണ് ഇത്തരക്കാര്‍ ചെയ്യുന്നത്. പരിശോധനാഫലം പോസിറ്റീവ് കൊടുത്ത് കോവിഡ് ചികിത്സക്ക് പ്രത്യേക പാക്കേജുകള്‍ നല്‍കുന്ന ആശുപത്രികളും പത്തനംതിട്ട ജില്ലയിലുണ്ട്. ഏതുവിധേനയും പണം സമ്പാദിക്കുകയാണ് ഇവരുടെ ലക്‌ഷ്യം. ജില്ലാ ഭരണകൂടത്തിനൊപ്പം നിന്നുകൊണ്ട് കോവിഡിനെതിരെ ഇവര്‍ പ്രവര്‍ത്തിക്കുന്നു എന്ന കാരണത്താല്‍ ഇവര്‍ക്കെതിരെ ആരും ചെറുവിരല്‍ അനക്കില്ല. അധികൃതര്‍ ആവശ്യപ്പെട്ടതനുസരിച്ച് ആശുപത്രിയില്‍ കോവിഡ് വാര്‍ഡും ആംബുലന്‍സുകളും ഒക്കെ നല്‍കുമ്പോള്‍ ഇതൊന്നും വെറുതെയല്ലെന്ന് ഓര്‍ക്കുക. അധികൃതരുടെ ഒത്താശയോടെ ജനങ്ങളെ ചൂഷണം ചെയ്യുവാനുള്ള ഒരു ലൈസന്‍സായിട്ടാണ് സ്വകാര്യ ആശുപത്രികള്‍ ഇതിനെ കാണുന്നത്.
സര്‍ക്കാര്‍ നിശ്ചയിച്ച തുകയിലും കൂടിയ നിരക്ക് വാങ്ങുവാന്‍ ആശുപത്രികള്‍ക്ക് അനുവാദമില്ല. കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ 800 രൂപ വാങ്ങുമ്പോള്‍ പത്തനംതിട്ടയില്‍ 900 രൂപയാണ് ഈടാക്കുന്നത്. എന്നാല്‍ പത്തനംതിട്ടയിലെ സ്വകാര്യ ലാബില്‍ 625 രൂപ മാത്രമേ ഉള്ളു. മറ്റിതര ചാര്‍ജ്ജുകള്‍ ഒന്നും ഇടാക്കുന്നില്ല. എന്നാല്‍ ഇവിലെ പരിശോധനക്ക് വലിയ തിരക്കാണ്. കാലേകൂട്ടി ബുക്ക് ചെയ്യേണ്ടതുമുണ്ട്. ഇതുമൂലം പലരും സ്വകാര്യ ആശുപത്രിയെ ആശ്രയിക്കേണ്ടതായി വരുന്നു. കോവിഡ് ടെസ്റ്റ് നടത്തുന്ന സ്ഥാപനങ്ങളില്‍ അധികൃതരുടെ പരിശോധനകള്‍ ഒന്നും നടക്കാറില്ല. ജനങ്ങള്‍ക്ക് പരാതിപ്പെടുവാനും നിലവില്‍ സംവിധാനങ്ങള്‍ ഇല്ല. അതുകൊണ്ടുതന്നെ ഈ പകല്‍കൊള്ള നിര്‍ബാധം നടക്കുകയാണ്.