പത്തനംതിട്ട : രാജ്യത്തുനിന്നും ഉന്മൂലനം ചെയ്യപ്പെട്ട അനാചാരങ്ങളും അന്ധവിശ്വാസങ്ങളും ഭീകരമായ രീതിയിൽ തിരിച്ചുവരുന്നതിനെതിരെ ജനസമൂഹം ഒറ്റക്കെട്ടായി ഉണർന്ന് പ്രവർത്തിക്കണമെന്ന് ആന്റോ ആന്റണി എം.പി അഭ്യർത്ഥിച്ചു. ഇന്ദിരാജി രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് ഇൻഡ്യൻ ലോയേഴ്സ് കോൺഗ്രസ് ജില്ലാ ഘടകം സംഘടിപ്പിച്ച അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായ അഭിഭാഷക കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യുക്തിക്ക് നിരക്കാത്ത വിശ്വാസങ്ങൾക്ക് സാധൂകരണം നൽകുന്ന സാമൂഹിക-രാഷ്ട്രീയ സാഹചര്യം സൃഷ്ടിച്ച ഭരണകൂട നിഷേധാത്മക സമീപനങ്ങൾ പുനഃപ്പരിശോധിക്കപ്പെടേണ്ട താണെന്ന് ആന്റോ ആന്റണി പറഞ്ഞു. അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ശക്തമായ നിലപാടെടുത്ത ഭരണാധികാരിയായിരുന്നു ഇന്ദിരാഗാന്ധിയെന്നും ഭരണഘടനയിൽ മതേതരവവും സോഷ്യലിസവും എഴുതിച്ചേർത്ത അവരുടെ ദീർഘവീക്ഷണനിലപാടുകളെ ചോദ്യം ചെയ്യുന്ന സമീപനം അപകടകരമാണെന്നും ആന്റോ ആന്റണി പറഞ്ഞു.
എബ്രഹാം മാത്യു പനച്ചമൂട്ടിൽ അദ്ധ്യക്ഷത വഹിച്ചു. കെ. ജയവർമ്മ, വി.സി സാബു, വെട്ടൂർ ജ്യോതിപ്രസാദ്, സുനിൽ എസ്. ലാൽ, വി.ആർ സോജി, ലാലു ജോൺ, ശ്യാം കുരുവിള വേണു മുളക്കുഴ, ഷെബീർ അഹമ്മദ്, ദിനേശ് നായർ, ജോമോൻ കോശി, ഡി.എൻ. തൃദീപ്, റ്റി.എച്ച് സിറാജ്ജുദ്ദീൻ, ജോർജ്ജ് എബ്രഹാം പച്ചയിൽ അഡ്വ. ഹരിഹരൻ നായർ തുടങ്ങിയവർ സംസാരിച്ചു.