കൊച്ചി : അബ്കാരി കേസിൽ അറസ്റ്റിലായ റിപ്പോട്ടർ ചാനൽ എംഡി ആന്റോ അഗസ്റ്റിന്റെ കസ്റ്റഡി കാലാവധി അവസാനിച്ചതോടെ വീണ്ടും ജയിലിൽ എത്തിച്ചു. ചോദ്യം ചെയ്യലിൽ വീട് തന്റെ പേരിൽ അല്ലെന്നും മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആന്റോ ആവർത്തിച്ചു. വാഴവറ്റയിലെ വീട് അനധികൃത നിർമ്മാണമെന്ന് കണ്ടെത്തി പഞ്ചായത്ത് നൽകിയ സ്റ്റോപ്പ് മെമ്മോയും പുറത്ത് വന്നു.അളവിൽ കൂടുതൽ മദ്യം സൂക്ഷിച്ച കേസിൽ അറസ്റ്റിലായ ആന്റോ അഗസ്റ്റിനെ 24 മണിക്കൂർ കസ്റ്റഡിയാണ് ബത്തേരി കോടതി അനുവദിച്ചത്. ചോദ്യം ചെയ്യലിൽ എല്ലാം നിഷേധിച്ച ആന്റോ അഗസ്റ്റിൻ കോടതിയിലെ വാദങ്ങൾ തന്നെ പ്രത്യേക അന്വേഷണ സംഘത്തിന് മുൻപിലും ആവർത്തിച്ചു.
മദ്യം കണ്ടെടുത്ത വാഴവറ്റയിലെ വീട് തന്റെ പേരിലല്ല. വീട് ബാങ്ക് ജപ്തി ചെയ്ത് സർഫാസി നിയമപ്രകാരം മറ്റൊരാൾ വാങ്ങി. താൻ മദ്യപിക്കുന്ന ആളല്ല, പിടിച്ചെടുത്ത മദ്യത്തെ കുറിച്ച് അറിയില്ലെന്നും ആന്റോ ആവർത്തിച്ചു. എന്നാൽ വീട് ആന്റോയുടെ പേരിലെന്ന് തെളിയിക്കാനുള്ള കൂടുതൽ തെളിവുകൾ ശേഖരിക്കുകയാണ് എക്സൈസ്. പഞ്ചായത്ത് രേഖകളിൽ വീട് ആന്റോയുടെ പേരിലാണ്. കെ എസ് ഇ ബി കണക്ഷൻ ഉൾപ്പടെ ഉള്ളതും ആന്റോ അഗസ്റ്റിന്റെ പേരിൽ തന്നെ.
ഭാര്യാമാതാവ് ആയ ലില്ലി ബാങ്ക് ലേലത്തിൽ വസ്തു സ്വന്തമാക്കിയെന്നാണ് ആന്റോ അഗസ്റ്റിന്റെ വാദം. വീടിന്റെ ഉടമസ്ഥവകാശം മറ്റൊരാൾക്ക് കൈമാറിയെന്ന് തെളിയിക്കാൻ പ്രതിഭാഗം ഹാജരാക്കിയ എസ് ബി ഐയുടെ സെയിൽസ് സർട്ടിഫിക്കട്ട് മാത്രം മതിയാകില്ലെന്നാണ് എക്സൈസ് പറയുന്നത്. അളവിൽ കൂടുതൽ മദ്യം പിടിച്ചെടുത്ത വാഴവറ്റയിലെ വീട് അനധികൃത നിർമ്മാണമെന്ന് കണ്ടെത്തി മീനങ്ങാടി പഞ്ചായത്ത് സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നു.































