പത്തനംതിട്ട: പത്തനംതിട്ട പാർലമെന്റ് നിയോജകമണ്ഡലത്തിൽ ആന്റോ ആന്റണിയുടെ തിളക്കമാർന്ന വിജയം ജില്ലയിൽ അഞ്ചു നിയോജകമണ്ഡലങ്ങളിൽ നേടിയ ഭൂരിപക്ഷം യു ഡി എഫ് തിരിച്ചു വരവിന്റെ പാതയിലാണെന്ന് തെളിയിച്ചിരിക്കുകയാണെന്ന് യു ഡി എഫ് ജില്ലാ ചെയർമാൻ അഡ്വ. വർഗീസ് മാമ്മൻ പ്രസ്താവിച്ചു. ഇടതുപക്ഷ ദുർഭരണത്തിനെതിരെയും മോദി സർക്കാരിന്റെ വർഗ്ഗീയവത്ക്കരണത്തിനെതിരെയും ഉള്ള ജില്ലയിലെ ജനങ്ങളുടെ താക്കീതാണ് ആന്റോ ആന്റണിയുടെ വിജയമെന്ന് അദ്ദേഹം പറഞ്ഞു. യു ഡി എഫിന്റെ ഒറ്റകെട്ടായുള്ള ചിട്ടയായ പ്രവർത്തനത്തിന് ജനങ്ങൾ നൽകിയ അംഗീകാരമായി ഇതിനെ കാണുന്നു.
ജില്ലയിലെ അഞ്ച് നിയോജകമണ്ഡലങ്ങളിലും എൽഡിഎഫ് എം എൽ എ മാരുണ്ടായിരുന്നിട്ടും യുഡിഎഫിന് വ്യക്തമായ മേൽകൈ നേടാനായത് യുഡിഎഫിന്റെ ജനപിന്തുണയുടെ തെളിവാണെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ ജില്ലയിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലും യുഡിഎഫ് എം എൽ എ മാർ ഉണ്ടാവുമെന്നും അതിനുള്ള പ്രവർത്തനം യുഡിഎഫ് ആരംഭിച്ചിരിക്കുകയാണെന്നും ജില്ലാ ചെയർമാൻ പറഞ്ഞു. ആന്റോ ആന്റണിക്ക് ഉജ്ജ്വലവിജയം നേടിതന്ന ജില്ലയിലെ എല്ലാ സമ്മതിദായകരോടും പാർലമെന്റ് നിയോജക മണ്ഡലങ്ങളിലെ സമ്മതിദായകരോടും കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കൂടിയായ അഡ്വ. വർഗീസ് മാമ്മൻ നന്ദി രേഖപ്പെടുത്തി.