തിരുവനന്തപുരം : അനുപമയുടെ ദത്ത് വിവാദവുമായി ബന്ധപ്പെട്ട് കുഞ്ഞിന്‍റെ സംരക്ഷണം സർക്കാറിന്‍റെ പ്രാഥമിക ഉത്തരവാദിത്തമാണെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഡിഎൻഎ പരിശോധനഫലം അനുകൂലമായാലും കോടതി വഴിയാകും അനുപമക്ക് കുട്ടിയെ കൈമാറുകയെന്നും അവർ പറഞ്ഞു. അനുപമയാണ് കുട്ടിയുടെ അമ്മയെങ്കിൽ കുഞ്ഞിനെ എത്രയും വേഗം അവർക്ക് കിട്ടട്ടെയെന്നാണ് ആഗ്രഹിക്കുന്നത്.
കുഞ്ഞിന്‍റെ സുരക്ഷയും അവകാശങ്ങളും സംരക്ഷിക്കുക എന്നതാണ് സർക്കാറിന്‍റെ മുന്നിലുള്ള ലക്ഷ്യമെന്നും ആരോഗ്യമന്ത്രി പറഞ്ഞു. ശിശുക്ഷേമ വികസന സമിതിക്ക് ദത്ത് ലൈസൻസില്ല എന്ന വാർത്ത തെറ്റാണ്. അടുത്ത വർഷം ഡിസംബർ വരെ ദത്ത് നൽകാനുള്ള ലൈസൻസ് ശിശുക്ഷേമസമിതിക്കുണ്ട്. ദത്ത് വിവാദത്തിൽ വകുപ്പുതല അന്വേഷണ റിപ്പോർട്ട് ഉടൻ കിട്ടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നൽകിയെന്ന പരാതിയിൽ അനുപമയുടേതെന്ന് കരുതുന്ന കുഞ്ഞിനെ കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിച്ചിരുന്നു.
ഡി.വൈ.എസ്.പി യുടെ നേതൃത്വത്തിൽ രണ്ട് പോലീസ് ഉദ്യോഗസ്ഥരും ചൈൽഡ് വെൽെഫയർ കൗൺസിലിന്റെ സോഷ്യൽ വർക്കറുമടങ്ങുന്ന സംഘമാണ് ആന്ധ്രാപ്രദേശിലെത്തി ദമ്പതികളിൽനിന്ന് കുഞ്ഞിനെ ഏറ്റുവാങ്ങിയത്.
വിമാനത്താവളത്തിലെത്തിച്ച കുഞ്ഞിനെ തിരുവനന്തപുരത്ത് ജില്ല ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസറുടെ മേൽനോട്ടത്തിലുള്ള സംഘം ഏറ്റുവാങ്ങി. കുഞ്ഞിനെ കുന്നുകുഴിയിലെ നിർമല ശിശുഭവനിലേക്കാണ് മാറ്റിയത്. കുഞ്ഞ് അനുപമയുടേതാണെന്ന് ഉറപ്പാക്കുന്നതിനായി ഡിഎൻഎ പരിശോധന നടത്തും