മലപ്പുറം: പി.വി. അൻവർ എം.എൽ.എയുടെ പുതിയ പാർട്ടിയുടെ നയവിശദീകരണ സമ്മേളനം ഞായറാഴ്ച നടക്കും. വൈകുന്നേരം അഞ്ച് മണിക്ക് മഞ്ചേരി രാജീവ് ഗാന്ധി ബൈപാസിനടുത്താണ് സമ്മേളനം നടക്കുന്നത്. പരിപാടിക്കായി വിശാലമായ പന്തലൊരുക്കിയിട്ടുണ്ട്. പുതിയ പാർട്ടിയുമായി ബന്ധപ്പെട്ട നയരേഖ പ്രഖ്യാപനമാണ് നടക്കുക എന്ന് അൻവർ വ്യക്തമാക്കിയിരുന്നു. യോഗം വിജയിപ്പിക്കുന്നതിന് മുഴുവൻ മതേതര, ജനാധിപത്യ വിശ്വാസികളും പങ്കെടുക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. അതേസമയം മഞ്ചേരിയിലെ യോഗം മാറ്റിവെച്ചുവെന്ന് കുപ്രചാരണം നടക്കുന്നതായി അൻവർ പറഞ്ഞു.
ഞാൻ ഉയർത്തിയ വിഷയങ്ങൾ കേരളത്തിലെ ജനങ്ങൾ സഗൗരവം ഏറ്റെടുത്തു എന്ന് മനസിലാക്കിയവരാണ് യോഗം മാറ്റിവെച്ചുവെന്ന് പ്രചരിപ്പിക്കുന്നത്. ആളുകളെ യോഗത്തിൽ വരുന്നത് തടയുകയാണ് ലക്ഷ്യം -അൻവർ പറഞ്ഞു. സി.പി.എമ്മുമായി ഇടഞ്ഞ ശേഷം കഴിഞ്ഞ ഞായറാഴ്ചയാണ് അൻവർ നിലമ്പൂരിൽ ശക്തി തെളിയിച്ച് സമ്മേളനം നടത്തിയത്. ആയിരക്കണക്കിന് ആളുകളാണ് ചന്തക്കുന്നിലെ സമ്മേളത്തിൽ എത്തിയിരുന്നത്. മഞ്ചേരിയിൽ ഒരു ലക്ഷം ആളുകൾ പങ്കെടുക്കുമെന്ന് അൻവർ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ ഇന്ന് അൻവർ ചെന്നൈയിൽ ഡി.എം. കെ നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിട്ടുണ്ട്.