ആലപ്പുഴ: പടച്ചതമ്പുരാൻ പോലും സി.എ.എ ക്ക് അനുകൂലമാണെന്ന് മുൻ എം.പി യും ബി.ജെ.പി. സംസ്ഥാന ഉപാധ്യക്ഷനുമായ എ.പി. അബ്ദുള്ളക്കുട്ടി പറഞ്ഞു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് പള്ളികളിൽ കൂട്ട പ്രാർത്ഥന നടത്തിയിട്ടും പരമോന്നത നീതിപീഠമായ സുപ്രീം കോടതി പൗരത്വ ഭേദഗതി നിയമം സ്റ്റേ ചെയ്യാൻ വിസമ്മതിച്ചത്. വ്യാജ വാർത്തകൾ വിശ്വാസികളിൽ അടിച്ചേൽപ്പിക്കാൻ ശ്രമിച്ചത് പടച്ചോനു പോലും ക്ഷമിക്കാൻ സാധിച്ചില്ല. ആലപ്പുഴയിൽ ജനഗരണ സമിതിയുടെ നേതൃത്വത്തിൽ നടന്ന പൗരത്വ ഭേദഗതിക്ക് അനുകൂലമായി നടന്ന ജന ജാഗ്രതാ സമ്മേളനം ഉത്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
നല്ലൊരു നേതാവില്ലാത്തതിന്റെ അഭാവമാണ് മുസ്ലിം സമുദായം ഇന്ന് നേരിടുന്ന പ്രധാന പ്രശ്നം. അതുകൊണ്ടാണ് സി.പി.എമ്മിന്റെയും കോൺഗ്രസ്സിന്റെയും മത തീവ്രവാദ സംഘടനകളുടെയും താളത്തിനൊത്ത് മുസ്ലിം സമുദായത്തെ വലിച്ചിഴയ്ക്കുന്നത്. ആദ്യം കോൺഗ്രസ്സും – സി.പി.എമ്മും അംഗീകരിച്ച വസ്തുത ഇപ്പോൾ തള്ളി പറയുന്നത് ന്യൂനപക്ഷങ്ങളെ വോട്ടുബാങ്ക് ആയി കണ്ടതുകൊണ്ടു മാത്രമാണ്, അല്ലാതെ അവരോടുള്ള സ്നേഹം കൊണ്ടല്ല. ഹിന്ദു സംസ്കാരം നിലനിൽക്കുന്നിടത്തോളം കാലം മതേതരത്വത്തിന് ഒരു പോറൽ പോലും ഏൽക്കില്ല എന്നും എന്ന് മറ്റൊരു മതം ഭൂരിപക്ഷമാകുന്നുവോ അന്ന് ഇന്ത്യ മതരാഷ്ട്രമായി മാറുമെന്നും അദ്ദേഹം പറഞ്ഞു. ശബരിമലയിലെ ഹിന്ദുവികാരം കാണാതെപോയ പിണറായിക്ക് ഇതൊന്നും മനസിലാകില്ല.