കണ്ണൂര്‍ : ഇ ഗവേര്‍ണന്‍സ് പഠിക്കാന്‍ ചീഫ് സെക്രടറി വി പി ജോയിയുടെ നേതൃത്വത്തിലുളള സംഘം ഗുജറാത്തിലേക്ക് പോകാനെടുത്ത സംസ്ഥാന സര്‍കാരിന്റെ തീരുമാനം സ്വാഗതാര്‍ഹമാണെന്ന് ബിജെപി ദേശീയ വൈസ് പ്രസിഡണ്ടും ദേശീയ ഹജ്ജ് കമ്മിറ്റി ദേശീയ ചെയര്‍മാനുമായ എ പി അബ്ദുല്ലക്കുട്ടി. പിണറായി വിജയന്‍ സര്‍ക്കാരിന്റെ മാതൃകാപരമായ തീരുമാനമാണിതെന്നും സര്‍കാരിനെ അഭിനന്ദിക്കുന്നുവെന്നും കണ്ണൂരില്‍ മാധ്യമങ്ങളോട് അദ്ദേഹം പറഞ്ഞു.
നരേന്ദ്രമോദിയുടെ നേതൃത്വത്തിലും തുടര്‍ന്നും ഗുജറാത്തില്‍ സമസ്ത മേഖലയിലുമുണ്ടായ വികസനം വളരെ വലുതാണ്. ഇ ഗവേര്‍ണന്‍സ് രംഗത്ത് മാത്രമല്ല കാര്‍ഷിക-വ്യാവസായിക രംഗങ്ങളിലും വലിയ മാറ്റമാണുണ്ടായിരിക്കുന്നത്. അടിസ്ഥാന വികസന രംഗത്തെ മാറ്റം മാതൃകാപരമാണ്. 14 വര്‍ഷം മുമ്പ് പാര്‍ട്ടിക്കകത്തും പുറത്തും ഗുജറാത്ത് വികസന മാതൃകയാണെന്ന് പറഞ്ഞതിന്റെ പേരില്‍ ക്രൂശിക്കപ്പെട്ടയാളാണ് ഞാന്‍. വികസനത്തില്‍ രാഷ്ട്രീയം പാടില്ലെന്ന തന്റെ നിലപാട് ശരിവെയ്ക്കുന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. വൈകിവന്ന ബുദ്ധിയെന്ന് കുറ്റപ്പെടുത്തുന്നില്ല. മറിച്ച് ആത്മാര്‍ഥമായി തീരുമാനത്തെ സ്വാഗതം ചെയ്യുന്നു.
ഗുജറാത്തിന്റെ മാത്രമല്ല ഉത്തര്‍പ്രദേശിന്റെ വികസന മാതൃകയും കേരളം പഠിക്കണം. കെഎസ്‌ആര്‍ടിസി സംഘത്തെ അങ്ങോട്ട് പറഞ്ഞയക്കണം. 183 കോടി നഷ്ടത്തിലായിരുന്ന യുപിയിലെ ട്രാന്‍സ്‌പോര്‍ട്ട് സര്‍വീസ് ആറുമാസം കൊണ്ട് 81 കോടി ലാഭത്തിലെത്തിച്ചതാണ് യോഗിയുടെ ഭരണം. നെതര്‍ലാന്‍ഡിലേക്ക് പഠിക്കാന്‍ പോകുന്ന കെഎസ്‌ആര്‍ടിസി എംഡിയെ യുപിയിലേക്കയക്കാന്‍ സംസ്ഥാന സര്‍കാര്‍ തയ്യാറാവണം. രാഷ്ട്രീയ അതിപ്രസരവും നോക്കുകൂലിയും ഹര്‍ത്താലും ബന്ദും നടത്തി ജനങ്ങളെ ബന്ദിയാക്കുന്ന രാഷ്ട്രീയം കേരളത്തിലെ ഇടത്-വലത് നേതൃത്വം മതിയാക്കണമെന്നും അദ്ദേഹം പറഞ്ഞു. ബിജെപി ജില്ലാ പ്രസിഡണ്ട് എന്‍ ഹരിദാസ്, ട്രഷറര്‍ യു ടി ജയന്തന്‍, വിജയന്‍ വട്ടിപ്രം, എം കെ വിനോദ്, അരുണ്‍ കൈതപ്രം എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.